ന്യൂഡല്‍ഹി: ഇന്‍ഡിഗോ അനിശ്ചിതത്വത്തിനിടയില്‍ മറ്റ് വിമാന കമ്പനികള്‍ അമിത നിരക്കുകള്‍ ഈടാക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി കേന്ദ്രം. അവസരം മുതലെടുത്ത് തോന്നുംപടി ടിക്കറ്റ് നിരക്ക് കൂട്ടരുതെന്നും പുതുതായി നിശ്ചയിച്ചിട്ടുള്ള നിരക്ക് പരിധി കര്‍ശനമായി പാലിക്കണമെന്നും കേന്ദ്രം എല്ലാ വിമാനക്കമ്പനികള്‍ക്കും നിര്‍ദ്ദേശം നല്‍കി. അവസരവാദ വിലനിര്‍ണ്ണയത്തില്‍ നിന്ന് യാത്രക്കാരെ സംരക്ഷിക്കുന്നതിനായി പുറത്തിറക്കിയ ഉത്തരവില്‍, നിശ്ചിത മാനദണ്ഡങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരക്ക് പരിധി ഉയര്‍ത്തിയാൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സ്ഥിതി പൂര്‍ണ്ണമായും സ്ഥിരത കൈവരിക്കുന്നതുവരെ ടിക്കറ്റ് നിരക്ക് പരിധി പ്രാബല്യത്തില്‍ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. വിപണിയില്‍ വിലനിര്‍ണ്ണയ അച്ചടക്കം നിലനിര്‍ത്തുകയും ദുരിതത്തിലായ യാത്രക്കാരെ ചൂഷണം ചെയ്യുന്നത് തടയുകയും ചെയ്യുക എന്നതാണ് ഈ നിര്‍ദ്ദേശത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റ് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ആയിരത്തിലധികം വിമാനങ്ങളാണ് വിവിധ കാരണങ്ങളാല്‍ റദ്ദാക്കപ്പെട്ടത്.
ഇതുമൂലം ഉണ്ടായ യാത്രക്കാരുടെ ദുരിതങ്ങള്‍ക്ക് പുറമേ, വിമാന ടിക്കറ്റ് നിരക്കുകളില്‍ അമ്പരപ്പിക്കുന്ന വര്‍ധനവും ഉണ്ടായി, ചില റൂട്ടുകളില്‍ 4 മടങ്ങ് അധിക നിരക്ക് വര്‍ധനവ് വരെയാണ് ഉണ്ടായതെന്നു റിപ്പോർട്ടുകളിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ഇന്‍ഡിഗോ വിമാനം ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയത്.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും പ്രതിസന്ധിയിലായതോടെ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബംഗ്ളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കുള്ള ആഭ്യന്തര വിമാന നിരക്കുകള്‍ മൂന്നിരട്ടിയും നാലിരട്ടിയുമായി വര്‍ദ്ധിച്ചു. ഡല്‍ഹി-മുംബൈ വിമാനത്തിന്റെ ടിക്കറ്റ് വില 65,460 രൂപയായി ഉയര്‍ന്നു. വണ്‍-സ്റ്റോപ്പ് ഓപ്ഷനുകള്‍ക്ക് 38,376 രൂപ മുതല്‍ 48,972 രൂപ വരെയായിരുന്നു നിരക്ക്.
ഡിസംബര്‍ ആറിലെ വണ്‍-വേ, വണ്‍-സ്റ്റോപ്പ് ഇക്കണോമി-ക്ലാസ് കൊല്‍ക്കത്ത-മുംബൈ വിമാന ടിക്കറ്റിന് 90,000 രൂപയായിരുന്നു. ബംഗ്ളൂരു-ന്യൂഡല്‍ഹി യാത്രാ നിരക്കുകളും 88,000 രൂപയായി ഉയര്‍ന്നു. യാത്രക്കാരുടെ ആവശ്യം പരിഗമിച്ച് പ്രതിസന്ധി ലഘൂകരിക്കുന്നതിനായി സര്‍ക്കാര്‍ അധിക ട്രെയിന്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
എഫ്.ഡി.ടി.എല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ഇന്‍ഡിഗോയ്ക്ക് താല്‍ക്കാലിക ഇളവ് അനുവദിച്ചതിന് ഒരു ദിവസത്തിന് ശേഷം ശനിയാഴ്ച, പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഇതിനിടയിൽ ഇന്‍ഡിഗോ വിഷയം സുപ്രീം കോടതിയിലും എത്തി.വിമാനങ്ങള്‍ നിര്‍ത്തിവച്ചതുമൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന നഷ്ടത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് പൊതു താൽപര്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.







