മുംബൈ:വൈദ്യുതാഘാതമേറ്റ പാമ്പിനെ വായിലൂടെ സിപിആര്‍ (കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍) നല്‍കി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന യുവാവിന് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹം. മരണത്തിന്റെ വക്കില്‍ നിന്നുമാണ് ഒരു വിഷപാമ്പിന് സ്വന്തം ജീവന്‍ പോലും പണയം വച്ച് വായിലൂടെ സിപിആര്‍ നല്‍കി യുവാവ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളില്‍ നടന്ന ഒരു നാടകീയ രക്ഷാപ്രവര്‍ത്തനം സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ അമ്പരപ്പിക്കുകയും ഞെട്ടിക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദശലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകഴിഞ്ഞു.
വല്‍സാദ് ജില്ലയില്‍ ഫാം തൊഴിലാളികള്‍ വയലുകളില്‍ പണിയെടുക്കുന്നതിനിടെയാണ് സംഭവം. ഒരു പാമ്പ് വൈദ്യുതി തൂണില്‍ കയറുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പുതന്നെ പാമ്പ് ഒരു ഉയര്‍ന്ന വോള്‍ട്ടേജ് വയറില്‍ സ്പര്‍ശിച്ച് ചലനമറ്റ് നിലത്തു വീണു. ഇതോടെ തൊഴിലാളികള്‍ വന്യമൃഗങ്ങളുടെ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അതേ ഗ്രാമത്തിലെ മുകേഷ് വയാദിനെ രക്ഷാപ്രവര്‍ത്തനത്തിനായി സമീപിച്ചു.
വയാദ് സംഭവസ്ഥലത്തെത്തി അനക്കമറ്റ് കിടന്ന പാമ്പിനെ കയ്യിലെടുത്ത് സ്വന്തം വായില്‍ നിന്ന് പാമ്പിന്റെ വായിലേക്ക് സിപിആര്‍ നല്‍കാന്‍ തുടങ്ങി. കുറച്ചു സമയത്തിനുശേഷം ജീവന്‍ തിരിച്ചുകിട്ടിയ പാമ്പ് താമസിയാതെ വനത്തിലേക്ക് ഇഴഞ്ഞുനീങ്ങി.
വന്യജീവികളോടുള്ള കാരുണ്യത്തിന്റെയും ധൈര്യത്തിന്റെയും അസാധാരണ ഉദാഹരണമായാണ് യുവാവിന്റെ ഈ പ്രവൃത്തിയെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വിശേഷിപ്പിച്ചത്.







