ബംഗ്‌ളൂരു: സൈബര്‍ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ സൂക്ഷിച്ച കാറില്‍നിന്നു 11 ലക്ഷം രൂപ അടിച്ചുമാറ്റിയ പൊലീസുകാരന്‍ അറസ്റ്റില്‍. ബംഗ്‌ളൂരു സൈബര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജാബിവുള്ളയെ ആണ് അറസ്റ്റു ചെയ്തത്.
ഒരു സൈബര്‍ കേസുമായി ബന്ധപ്പെട്ട് ഒരു കാര്‍ സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാര്‍ ഓടിച്ചിരുന്ന ആളെ അന്നു തന്നെ വിട്ടയച്ചുവെങ്കിലും കാര്‍ കസ്റ്റഡിയില്‍ വയ്ക്കുകയായിരുന്നു. പിറ്റേ ദിവസം കാര്‍ വിട്ടു കൊടുത്തുവെങ്കിലും കാറിനകത്ത് സൂക്ഷിച്ചിരുന്ന 11 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതു സംബന്ധിച്ച് കാറുടമ പൊലീസില്‍ പരാതി നല്‍കി. പൊലീസ് സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പണം കൈക്കലാക്കിയത് പൊലീസുകാരനായ ജാബിവുള്ളയാണെന്ന് വ്യക്തമായത്. പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നോട്ടു കെട്ടുകള്‍ കിടക്കയുടെ അടിഭാഗത്ത് നിരത്തി വച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.







