ബെംഗളൂരു: ഇന്‍ഡിഗോ വിമാനം തുടർച്ചയായ നാലാം ദിവസവും റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാർ പല വിധത്തിലുള്ള പ്രതിസന്ധികൾ നേരിടുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്കായി നാട്ടിലെത്തേണ്ട പലര്‍ക്കും വിമാനം റദ്ദാക്കിയതോടെ എത്തിച്ചേരാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. ഇത്തരത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ പ്രയാസങ്ങള്‍ നേരിടേണ്ടതായി വന്നു. അതുപോലെയുള്ള ഒരു സംഭവമാണ് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ നടന്നത്.
പൈലറ്റ് ക്ഷാമം കാരണം നിരവധി ഇന്‍ഡിഗോ വിമാനങ്ങള്‍ തുടർച്ചയായി റദ്ദാക്കിയതോടെ സ്വന്തം വിവാഹ റിസപ്ഷനില്‍ വിര്‍ച്വലായി പങ്കെടുക്കേണ്ടി വന്ന ഗതികേടാണ് ഒരു ടെക്കി നവദമ്പതികള്‍ക്ക് ഉണ്ടായത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍മാരായ ഹുബ്ബള്ളിയിലെ മേധ ക്ഷീരസാഗറും ഒഡീഷ ഭുവനേശ്വറിലെ സംഗമ ദാസും ആണ് സ്വന്തം റിസപ്ഷനില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തത്. നവംബര്‍ 23 ന് ഭുവനേശ്വറില്‍ വച്ചായിരുന്നു ദമ്പതികളുടെ വിവാഹം. ബുധനാഴ്ച വധുവിന്റെ ജന്മനാട്ടില്‍ റിസപ്ഷന്‍ ഒരുക്കിയിരുന്നു.
റിസപ്ഷനില്‍ പങ്കെടുക്കാന്‍ നവദമ്പതികള്‍ ഹുബ്ബള്ളിയിലേക്ക് പോകാനിരിക്കെയാണ് രാജ്യത്തുടനീളം പൈലറ്റ് ക്ഷാമം കാരണം ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയത്. ഡിസംബര്‍ 2 ന് ഭുവനേശ്വറില്‍ നിന്ന് ബെംഗളൂരുവിലേക്കും തുടര്‍ന്ന് ഹുബ്ബള്ളിയിലേക്കുമുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്ന നവദമ്പതികള്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 9 മണി മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ വരെ വിമാനത്താവളത്തില്‍ കുടുങ്ങി. ഡിസംബര്‍ 3 ന് വിമാനം റദ്ദാക്കിയെന്ന വിവരമാണ് ഇരുവര്‍ക്കും ലഭിക്കുന്നത്.
ഭുവനേശ്വര്‍-മുംബൈ-ഹുബ്ബള്ളി വഴി യാത്ര ചെയ്തിരുന്ന ദമ്പതികളുടെ നിരവധി ബന്ധുക്കളുടെ യാത്രയും വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ടു. ഭുവനേശ്വറിലെ റിസപ്ഷന്‍ ചടങ്ങിനായി അണിഞ്ഞൊരുങ്ങിയിരുന്ന വധൂവരന്മാര്‍ ഇതോടെ വീഡിയോ കോണ്‍ഫറന്‍സിലൂടെ സ്വീകരണത്തില്‍ പങ്കുചേരാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആരേയും വിഷമിപ്പിക്കാതെ ചടങ്ങ് ഭംഗിയായി നടന്നു. വാര്‍ത്ത പുറത്തുവന്നതോടെ നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.







