മുംബൈ: ഇന്‍ഡിഗോ വിമാന പ്രതിസന്ധി മുതലാക്കി സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനകമ്പനികള്‍. യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത് അമിത ടിക്കറ്റ് നിരക്കുകള്‍. കഴിഞ്ഞ നാലു ദിവസങ്ങളിലായി രാജ്യത്തെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തന പ്രതിസന്ധി കാരണം ഇന്‍ഡിഗോയുടെ ആയിരക്കണക്കിന് വിമാനങ്ങളാണ് റദ്ദാക്കുകയും വൈകുകയും ചെയ്യുന്നത്. പൈലറ്റ് ക്ഷാമമാണ് പ്രതിസന്ധിക്ക് കാരണമായത്. ഇന്‍ഡിഗോ വിമാന യാത്ര തടസ്സപ്പെട്ടതോടെ അത് മറ്റ് വിമാന കമ്പനികള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ഗുണം ചെയ്യുകയായിരുന്നു.
നിരവധി വിമാനക്കമ്പനികളിലെ ആഭ്യന്തര സെക്ടര്‍ ടിക്കറ്റുകള്‍ക്ക് ഇപ്പോള്‍ അമേരിക്കയിലേക്കോ ഓസ്ട്രേലിയയിലേക്കോ ഉള്ള അന്താരാഷ്ട്ര വിമാന നിരക്കുകളേക്കാള്‍ കൂടുതല്‍ നിരക്കാണ് ഈടാക്കുന്നതെന്നാണ്, യാത്രക്കാരും ബുക്കിംഗ് പോര്‍ട്ടലുകളും ചൂണ്ടിക്കാട്ടുന്നത്. അമിത ടിക്കറ്റ് നിരക്കില്‍ പൊറുതി മുട്ടിയിരിക്കുകയാണ് യാത്രക്കാര്‍.
കുറഞ്ഞ നിരക്കിലുള്ള വിമാനക്കമ്പനിയായ സ്പൈസ് ജെറ്റ് ഇന്ന് പ്രധാന റൂട്ടുകളിലെ സിംഗിള്‍ സെക്ടര്‍ വിമാനങ്ങള്‍ക്ക് 80,000 രൂപ വരെ ഈടാക്കുന്നതായി കണ്ടെത്തി.
വിമാന നിരക്ക് വര്‍ദ്ധനവിന്റെ ഉദാഹരണങ്ങള്‍:
രണ്ട് സ്റ്റോപ്പുകളുള്ള എയര്‍ ഇന്ത്യ വിമാനത്തിനുള്ള ഇക്കണോമി ക്ലാസ്, വണ്‍-വേ ടിക്കറ്റ് 70,329 രൂപയായി ലിസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ നിന്ന് ഭോപ്പാലിലേക്കുള്ള എയര്‍ ഇന്ത്യ കണക്ഷനില്‍ ബിസിനസ് ക്ലാസ് ടിക്കറ്റിന് 127,090 രൂപ ഈടാക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
5,000 രൂപ മുതല്‍ 8,000 രൂപ വരെ സാധാരണ നിരക്കുള്ള സ്‌പൈസ് ജെറ്റ് ടിക്കറ്റ് നിരക്ക് ഏകദേശം 38,000 രൂപയായി വര്‍ദ്ധിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി-ബെംഗളൂരു സെക്ടറില്‍, വണ്‍-വേ ഇക്കണോമി ടിക്കറ്റ് നിരക്കുകള്‍ 21,000 രൂപ മുതല്‍ 52,694 രൂപ വരെയായിരുന്നു.
ഇന്‍ഡിഗോയുടെ പ്രവര്‍ത്തന തടസ്സങ്ങള്‍ തുടര്‍ച്ചയായ നാലാം ദിവസവും തുടരുകയാണ്. ഡല്‍ഹിയില്‍ നിന്ന് ഇന്ന് 3 മണിവരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന 53 വിമാനങ്ങളും എത്തിച്ചേരേണ്ട 51 വിമാന സര്‍വീസുകളും റദ്ദാക്കി. ഛത്തീസ്ഗഡ്, ഗോവ, പറ്റ്‌ന, അഹമ്മദാബാദ് വിമാനത്താവളങ്ങളിലും പ്രതിസന്ധിയുണ്ട്. ചെന്നൈയില്‍ നിന്ന് വൈകിട്ട് 6 മണി വരെയുള്ള എല്ലാ ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കി.
ബെംഗളൂരു വിമാനത്താവളത്തിലും പ്രതിസന്ധി രൂക്ഷമായി. ഹൈദരാബാദില്‍ 75 വിമാനങ്ങളും, കൊല്‍ക്കത്തയില്‍ 35 വിമാനങ്ങളും, ചെന്നൈയില്‍ 26 വിമാനങ്ങളും, ഗോവയില്‍ 11 വിമാനങ്ങളും റദ്ദാക്കി. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വെള്ളിയാഴ്ച 9 വിമാനങ്ങള്‍ റദ്ദാക്കി.







