ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇന്ത്യയിലെത്തി. വ്യാഴാഴ്ച 6.40 ഓടെ ഡൽഹി പാലം വിമാനത്താവളത്തിലെത്തിയ വ്‌ളാഡിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. യുക്രെൻ യുദ്ധത്തിനു ശേഷമുള്ള ആദ്യ സന്ദർശനമാണ് പുട്ടിന്റേത്. അമേരിക്കയുടെ ഉപരോധം അടക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച അന്താരാഷ്ട്രതലത്തിലും നിർണായകമാകും. പ്രധാന മന്ത്രിയുടെ വസതിയിൽ ഒരുക്കിയ അത്താഴ വിരുന്നിൽ പുടിൻ പങ്കെടുത്തു. മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വ്ളാഡിമിര്‍ പുടിൻ, റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലുസോവൂ എന്നിവർ പങ്കെടുക്കുന്ന നിർണായക യോഗം ചേർന്നു. പ്രതിരോധ മേഖലയിൽ സഹകരണം കൂടുതൽ ശക്തമാക്കാൻ ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. പ്രതിരോധ മേഖലയിൽ സ്വയം പര്യാപ്ത നേടാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് റഷ്യ പിന്തുണ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ ഔദ്യോഗിക സ്വീകരണം നൽകും. തുടർന്ന് രാജഘട്ടിൽ എത്തി ആദരമർപ്പിക്കും. 11.50ന് ഹൈദരാബാദ് ഹൗസിൽ ഇന്ത്യ- റഷ്യ വാർഷിക ഉച്ചകോടിയും ഉഭയകക്ഷി ചർച്ചയും നടക്കും. വൈകിട്ട് ബിസിനസ് പ്രമുഖരുടെ യോഗത്തിൽ പുട്ടിൻ പങ്കെടുക്കും. വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവനിൽ അത്താഴ വിരുന്ന് ഒരുക്കും. 26 മണിക്കൂർ നേരത്തെ സന്ദർശനത്തിനു ശേഷം രാത്രി 9 മണിയോടെ പുട്ടിൻ മടങ്ങും.








