കോട്ടയം: 9, 11 തീയതികളില്‍ നടക്കുന്ന സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പില്‍ നോട്ടക്കും വോട്ടു ചെയ്യാനുള്ള സംവിധാനം അധികൃതര്‍ ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കാര്‍ക്കും സമ്മതിദാനം നല്‍കാന്‍ മനസ്സില്ലാത്ത വോട്ടര്‍മാര്‍ക്ക് അതു രേഖപ്പെടുത്താനുള്ള സംവിധാനത്തിനാണ് നോട്ട . കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇതിനുള്ള സജ്ജീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഒരു സ്ഥാനാര്‍ത്ഥിയോടും താത്പര്യമില്ലാത്ത വോട്ടര്‍മാര്‍ക്ക് വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവസരത്തിൻ്റെ ചുരുക്കപ്പേരാണ് ”നോട്ട’. ‘None of the above”. തദ്ദേശ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥികൾക്കു വോട്ടുചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് നോട്ടക്കു വോട്ട് ചെയ്ത് മടങ്ങാം.
ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റില്‍ സ്ഥാനാര്‍ഥികള്‍ക്കൊപ്പം തന്നെ നോട്ടക്കും സ്ഥാനമുണ്ടായിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബാലറ്റില്‍ നോട്ട എന്ന ഓപ്ഷന്‍ ഇല്ല. ഇതു വോട്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടതാണ്. വോട്ടര്‍മാര്‍ക്ക് ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ടുചെയ്യാന്‍ താത്പര്യമില്ലെങ്കില്‍ ‘എന്‍ഡ് ബട്ടണ്‍’ അമര്‍ത്തി മടങ്ങാം. ജില്ലാ പഞ്ചായത്തിലേക്കുള്ള ബാലറ്റിന്റെ അവസാനമാണ് എന്‍ഡ് ബട്ടണ്‍ ഉള്ളത്. ഇഷ്ടമുള്ള ഒരു സ്ഥാനാര്‍ത്ഥിക്കുമാത്രം വോട്ടുചെയ്തശേഷം എന്‍ഡ് ബട്ടണ്‍ അമര്‍ത്താനും അവസരമുണ്ട്.
ഉദാഹരണത്തിന് ഗ്രാമപ്പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥിക്കുമാത്രം വോട്ട് ചെയ്ത് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ ഒഴിവാക്കി എന്‍ഡ് ബട്ടണ്‍ അമര്‍ത്തി മടങ്ങാം. വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിയില്ലെങ്കില്‍ പോളിങ് ഉദ്യോഗസ്ഥന്‍ ബട്ടണ്‍ അമര്‍ത്തി യന്ത്രം സജ്ജീകരിക്കണം. എന്നാല്‍, മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും ബാലറ്റില്‍ എന്‍ഡ് ബട്ടണില്ല.
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരമാണ് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മിഷന്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നത്. നോട്ട ഉള്‍പ്പെടുത്തണമെങ്കില്‍ നിയമങ്ങളും അവയുടെ ചട്ടങ്ങളും ഭേദഗതി ചെയ്യണം. 2013-ല്‍ സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് വോട്ടിങ് യന്ത്രത്തില്‍ നോട്ട ഉള്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തില്‍ ആദ്യമായി നോട്ട വന്നത്. 2,10,563 പേരാണ് അന്ന് നോട്ടയ്ക്ക് വോട്ടുചെയ്തത്. ഇന്ത്യക്കു പുറമെ ഗ്രീസ്, അമേരിക്ക, യുക്രൈന്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും ഈ സംവിധാനം നിലവിലുണ്ട്.







