ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം രാഹുലിന്റെ ഫോണ്‍ ഓണായി; മുന്‍കൂര്‍ ജാമ്യം തള്ളിയതിന് തൊട്ടുപിന്നാലെയുള്ള ഈ നീക്കം പൊലീസിനെ ആശയക്കുഴപ്പത്തിലാക്കാനോ?

തിരുവനന്തപുരം: യുവതിയുടെ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫോണ്‍ കഴിഞ്ഞദിവസമാണ് ഓണായത്. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനു തൊട്ടുപിന്നാലെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഫോണ്‍ ഓണാകുന്നത്. ജാമ്യം തള്ളിയതിന് പിന്നാലെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. നേതാക്കളെല്ലാം കൂടിയാലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

കഴിഞ്ഞ 9 ദിവസമായി രാഹുലിനെ കണ്ടെത്താന്‍ പൊലീസ് സംസ്ഥാനത്തും പുറത്തുമായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നാലുസംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. രാഹുലിനെ സംരക്ഷിക്കാന്‍ ശക്തരായ ചിലര്‍ ഉണ്ടെന്ന് തന്നെയാണ് പൊലീസിന്റെ നിഗമനം. ഫോണ്‍ ഓണായപ്പോള്‍ കര്‍ണാടകയിലെ തെക്കന്‍ ജില്ലയായ ദക്ഷിണ കന്നഡയിലെ സുളള്യയിലാണ് അവസാന ലൊക്കേഷന്‍ കാണിച്ചത്. പൊലീസ് സംഘം അവിടെ എത്തി പഴുതടച്ച അന്വേഷണം നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല.

കഴിഞ്ഞമാസം 27ന് ആണ് രാഹുലിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയത്. ഇപ്പോള്‍ ഫോണ്‍ ഓണ്‍ ചെയ്തത് പൊലീസിനെ വഴിതെറ്റിക്കാനുള്ള നീക്കമാണെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം. സഹായികളുടെ കൈവശമായിരിക്കാം ഫോണ്‍ എന്നും അവരായിരിക്കാം അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കാന്‍ ഫോണ്‍ ഓണ്‍ ചെയ്തതെന്നും സംഘം സംശയിക്കുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യഹര്‍ജിയില്‍ തീരുമാനം ആകും വരെ ഒളിവില്‍ കഴിയാനുള്ള നീക്കത്തിലാണ് രാഹുല്‍ എന്നും സൂചനയുണ്ട്.

ബെംഗളൂരുവിലെ മുതിര്‍ന്ന അഭിഭാഷകയുടെ സംരക്ഷണയിലാണ് രാഹുല്‍ കഴിയുന്നതെന്ന വിവരത്തെ തുടര്‍ന്ന് അവിടെ എത്തി അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രീയക്കാരുടെ സഹായം കൂടാതെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരുടെയും സഹായം ഇവിടെ രാഹുലിന് കിട്ടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഏതായാലും അധിക സമയം ഈ ഒളിച്ചുകളി തുടരാനാകില്ലെന്ന് തന്നെയാണ് പൊലീസ് പറയുന്നത്.

അതിനിടെ രാഹുലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണം സംഘമാണ് അന്വേഷണം നടത്തുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും സോണിയാഗാന്ധിക്കും ഇമെയില്‍ വഴി ആയാണ് യുവതി പരാതി അയച്ചത്. തുടര്‍ന്ന് പരാതി പൊലീസിന് കൈമാറുകയായിരുന്നു. മൊഴി നല്‍കാന്‍ തയാറാണെന്ന് ബെംഗളൂരു സ്വദേശിയായ ഇരുപത്തിമൂന്നുകാരി പൊലീസിനെ അറിയിച്ചിരുന്നു. ഉടന്‍ തന്നെ ഇവരുടെ മൊഴിയെടുക്കുമെന്ന് സംഘം അറിയിച്ചു. വിവാഹവാഗ്ദാനം നല്‍കി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page