കാസര്‍കോട്: ബി ജെ പി സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുമരെഴുത്തു നശിപ്പിച്ചത് ആരാണെന്നു നേതൃത്വത്തെ അറിയിച്ച വിരോധത്തിലാണെന്നു പറയുന്നു, ബി ജെ പി പ്രവര്‍ത്തകന്റെ മുഖത്തേയ്ക്ക് മുളക് പൊടി എറിഞ്ഞ ശേഷം വാക്കത്തികൊണ്ട് ആക്രമിച്ചു. നീലേശ്വരം, മന്ദംപുറത്തെ വി സി ശരത് ആണ് ആക്രമണത്തിനു ഇരയായത്. ഇയാളുടെ പരാതിപ്രകാരം പള്ളിക്കര, കനക്കര ഹൗസിലെ കെ സുധീഷി(39)നെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു. സുധീഷിനെതിരെ കൊലക്കേസും വധശ്രമക്കേസും ഉള്‍പ്പെടെ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കേസിനാസ്പദമായ സംഭവം. മന്ദംപുറം, സുബ്രഹ്‌മണ്യ ക്ഷേത്രത്തിനു സമീപത്തു വച്ചാണ് അക്രമം നടന്നത്. പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്.







