ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ നിരവധി തട്ടിപ്പുകള്‍ വ്യാപകമാണ്. ബാങ്കുകളില്‍ നിന്നോ ഡെലിവറി സേവനങ്ങളില്‍ നിന്നോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ ഉള്ള യഥാര്‍ഥ അറിയിപ്പുകളായി തോന്നുന്ന ടെക്സ്റ്റ് സന്ദേശങ്ങളും ഇമെയിലുകളും വാട്‌സ്ആപ്പ് ലിങ്കുകളുമാണ് ചതിക്കുഴികള്‍ ഒരുക്കുന്നത്.
ഇന്ത്യയിലെ സാമൂഹികമാധ്യമങ്ങളില്‍ അടുത്തിടെ ഏറെ ചര്‍ച്ചയായ വീഡിയോയുടെ മറവില്‍ സൈബര്‍ തട്ടിപ്പു നടക്കുന്നുണ്ടെന്നാണ് വിവരം. 19 മിനിറ്റ് വീഡിയോ എന്ന പേരില്‍ വൈറലായ വീഡിയോയുടെ ലിങ്ക് ക്ലിക്ക് ചെയ്യാന്‍ അഭ്യര്‍ഥിച്ചാണ് തട്ടിപ്പ് അരങ്ങേറുന്നത്. ബംഗാളില്‍നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ യുവാവും സുഹൃത്തായ പെണ്‍കുട്ടിയുമാണ് വീഡിയോയിലുള്ളതെന്നായിരുന്നു അവകാശവാദം.
ഈ വിഡിയോയുടെ ലിങ്ക് സോഷ്യല്‍ മീഡിയ വഴിയോ വാട്‌സ്ആപ്പ്, ടെലിഗ്രാം പോലുള്ള മെസ്സേജിങ് ആപ്പുകള്‍ വഴിയോ ആണ് എത്തുന്നത്. എന്നാല്‍ പ്രതീക്ഷിക്കുന്ന വീഡിയോ കാണാന്‍ സാധിക്കില്ല. പകരം ഉപയോക്താവിന്റെ ഫോണില്‍ ബാങ്കിങ് ആവശ്യങ്ങള്‍ക്കുള്ള ഒരു തന്ത്രപരമായ ട്രോജന്‍ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. ഇത്തരം ലിങ്കുകളില്‍ പ്രവേശിച്ചാല്‍ ഫോണിലെ വിവരങ്ങള്‍ ചോരുകയോ ഓണ്‍ലൈന്‍ ബാങ്കിങ് വിവരങ്ങള്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുകയോ ചെയ്യുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഉപയോക്താവ് ഒരു അനുമതി നല്‍കുകയോ വീഡിയോ പ്ലെയര്‍ എന്ന് തോന്നുന്ന ഒന്നില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുന്ന നിമിഷം, ഒരു ആന്‍ഡ്രോയിഡ് ബാങ്കിങ് ട്രോജനോ ഇന്‍ഫോസ്റ്റീലറോ പോലുള്ള ദോഷകരമായ സോഫ്റ്റ്വെയര്‍ ഉപയോക്താവിന്റെ ഉപകരണത്തില്‍ എത്തുന്നു. വീഡിയോ കാണാമെന്ന് പ്രതീക്ഷിച്ചിരിക്കുന്നതിനാല്‍, ഈ സോഫ്റ്റ്വെയര്‍ എത്തിയ വിവരം ഉപയോക്താവ് അറിയിന്‍ കഴിയില്ല.
അതിനാല്‍, ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഏതെങ്കിലും ലിങ്ക് സംശയാസ്പദമായി തോന്നിയാല്‍ അതില്‍ ക്ലിക്ക് ചെയ്യാതിരിക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.







