ഭോപ്പാല്‍: കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ടിന്റെ ചെറുമകനായ ദേവേന്ദ്ര ഗെഹ്ലോട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ ഗെഹ്ലോട്ട്. സ്ത്രീധന പീഡനം, കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോകല്‍ എന്നിങ്ങനെയുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഭർത്താവിനെതിരെ അവര്‍ ഉന്നയിച്ചത്.
ഇതുസംബന്ധിച്ച് ദിവ്യയുടെ പരാതിയില്‍ മധ്യപ്രദേശിലെ രത്ലം പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉജ്ജൈന്‍ ജില്ലയിലെ നാഗ്ഡയില്‍ ഭര്‍തൃവീട്ടുകാര്‍ ബലമായി പിടിച്ചുവച്ചിരിക്കുന്ന തന്റെ 4 വയസ്സുള്ള മകളെ സുരക്ഷിതമായി തിരികെ നല്‍കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിവ്യ രേഖാമൂലം പരാതി നല്‍കിയത്.
ദിവ്യയുടെ ഭര്‍ത്താവ് ദേവേന്ദ്ര ഗെഹ്ലോട്ട് (33), ഭര്‍തൃ പിതാവ് അലോട്ടില്‍ നിന്നുള്ള മുന്‍ എംഎല്‍എ ജിതേന്ദ്ര ഗെഹ്ലോട്ട് (55), സഹോദരി ഭര്‍ത്താവ് വിശാല്‍ ഗെഹ്ലോട്ട് (25), അമ്മായിയമ്മ അനിത ഗെഹ്ലോട്ട് (60) എന്നിവര്‍ വര്‍ഷങ്ങളായി 50 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ ഉപദ്രവിച്ചുവരികയാണെന്നു ദിവ്യ പരാതിയില്‍ പറഞ്ഞു.
വിവാഹത്തിന് മുമ്പ് ഭര്‍ത്താവിന്റെ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, അവിഹിത ബന്ധങ്ങള്‍ എന്നിവ മനഃപൂര്‍വ്വം മറച്ചുവെച്ചതായും അവര്‍ ആരോപിച്ചു. 2018 ഏപ്രില്‍ 29 ന് ആണ് ദമ്പതികളുടെ വിവാഹം നടന്നത്. മുഖ്യമന്ത്രിയുടെ കന്യാദാന്‍ യോജന പ്രകാരം, അന്നത്തെ കേന്ദ്രമന്ത്രിയും മുന്‍ ലോക്സഭാ സ്പീക്കറുമായ സുമിത്ര മഹാജന്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹം കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് ഭര്‍ത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കണ്ടെത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശാരീരിക പീഡനം, മാനസിക പീഡനം, കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കൊണ്ടുള്ള പീഡനം എന്നിവ പാതിവായെന്നും ദിവ്യ ആരോപിക്കുന്നു.
2021 ല്‍ ഗര്‍ഭിണിയായതോടെ പീഡനം രൂക്ഷമായതായും ദിവ്യ പറയുന്നു. പലപ്പോഴും ഭക്ഷണം നിഷേധിക്കുകയും, അടിക്കുകയും, മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകളുടെ ജനനത്തിനുശേഷവും, പീഡനം തുടര്‍ന്നു. 2019 ല്‍ ഒരു ഒത്തുതീര്‍പ്പ് ശ്രമം നടന്നെങ്കിലും ഫലമുണ്ടായില്ല, കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നുവെന്നു പരാതിയില്‍ കുട്ടി ചേർത്തു.
ജനുവരി 26-ന് അമിതമായി മദ്യപിച്ച് വീട്ടിലെത്തിയ ഭര്‍ത്താവ് തന്നെ ക്രൂരമായി ആക്രമിക്കുകയും അന്ന് പണം കൊണ്ടുവന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് മേല്‍ക്കൂരയില്‍ നിന്ന് തള്ളിയിടുകയും ചെയ്തു. വീഴ്ചയില്‍ താഴെയുള്ള ഗാലറിയിലേക്ക് വീണ് നട്ടെല്ലിനും തോളിനും അരയ്ക്കും ഗുരുതരമായി പരിക്കേറ്റുവെങ്കിലും രാത്രി മുഴുവന്‍ ചികിത്സ നല്‍കാതെ വീട്ടില്‍ തന്നെ നിര്‍ത്തിയെന്നും അവര്‍ ആരോപിച്ചു.
പിറ്റേന്ന് രാവിലെ, നാഗ്ഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് ഇന്‍ഡോറിലെ ബോംബെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ഗുരുതരാവസ്ഥയിലായിട്ടും മാതാപിതാക്കളെ വിവരം അറിയിച്ചില്ലെന്നും ചികിത്സാ ചെലവുകള്‍ നല്‍കാന്‍ പിതാവിനെ ഭര്‍തൃവീട്ടുകാര്‍ സമ്മര്‍ദ്ദത്തിലാക്കിയെന്നും ദിവ്യ ആരോപിച്ചു.
തന്റെ 4 വയസ്സുള്ള മകളുടെ കാര്യത്തിലും ദിവ്യ ആശങ്കപ്പെടുന്നു. ഭര്‍തൃവീട്ടുകാര്‍ മകളെ ബലമായി പിടിച്ചുവച്ചിരിക്കുകയാണ്. കുട്ടിയെ കാണാന്‍ അനുവദിക്കുന്നില്ലെന്നും അവര്‍ ആരോപിച്ചു. നവംബറില്‍ മകളെ കാണാന്‍ സ്‌കൂളില്‍ പോയപ്പോള്‍ ഭര്‍ത്താവ് തടഞ്ഞുനിര്‍ത്തുകയും സ്ത്രീധനമായി മാതാപിതാക്കള്‍ നല്‍കാമെന്ന് പറഞ്ഞിരുന്ന പണം കൊണ്ടുവന്നില്ലെങ്കില്‍ മകളെ കാണാന്‍ കഴിയില്ലെന്ന് താക്കീതു ചെയ്തെന്നും ദിവ്യ പറയുന്നു. ‘ഒരു അമ്മയ്ക്ക് മാത്രമേ തന്റെ കുഞ്ഞിനെ ശരിയായി പരിപാലിക്കാന്‍ കഴിയൂ… എനിക്ക് എന്റെ മകളെ തിരികെ വേണം’ പരാതിയില്‍ അവർ അപേക്ഷിച്ചു.
ദിവ്യ ആദ്യം രത്‌ലം എസ്പി അമിത് കുമാറിനെയാണ് പരാതിയുമായി സമീപിച്ചത്. തന്റെ മാതാപിതാക്കള്‍ രത്‌ലം നഗരത്തില്‍ താമസിക്കുന്നതിനാലാണ് അവിടെ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ പറഞ്ഞിരിക്കുന്ന സംഭവങ്ങള്‍ നാഗ്ദ (ഉജ്ജൈന്‍ ജില്ല) യിലാണ് നടന്നത്. അതിനാല്‍ ഉജ്ജൈന്‍ ഐജിക്കും ഉജ്ജൈന്‍ എസ്പിക്കും ഔപചാരികമായി പരാതി നല്‍കാന്‍ ദിവ്യയോട് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. എന്നിരുന്നാലും, രത്‌ലം പൊലീസ് അപേക്ഷ സ്വീകരിക്കുകയും അത് ഉജ്ജൈന്‍ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയും ചെയ്തു.
ആര്‍ക്കും ആരോപണങ്ങള്‍ ഉന്നയിക്കാം. ഞാന്‍ എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും എന്നായിരുന്നു ആരോപണങ്ങളോടുള്ള മുന്‍ എംഎല്‍എ ജിതേന്ദ്ര ഗെഹ്ലോട്ടിന്റെ പ്രതികരണം.







