ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലുള്ള ടോള്‍ പിരിവ് സംവിധാനം ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍ത്തലാക്കുമെന്നും പകരം ഇലക്ട്രോണിക് സംവിധാനം നടപ്പിലാക്കുമെന്നും കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പ്രസ്താവിച്ചു. വ്യാഴാഴ്ച ലോക്‌സഭയിലെ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സംവിധാനം ഇതിനകം 10 സ്ഥലങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യവ്യാപകമായി വികസിപ്പിക്കുമെന്നും മന്ത്രി വെളിപ്പെടുത്തി.
ടോളിന്റെ പേരില്‍ നിങ്ങളെ തടയാന്‍ ആരുമുണ്ടാകില്ലെന്നും ഈ ടോള്‍ സംവിധാനം അവസാനിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളം ഒരു ഇലക്ട്രോണിക് ടോള്‍ പിരിവ് നടപ്പിലാക്കുമെന്നുമായിരുന്നു ഗഡ്കരി പറഞ്ഞത്.
ഇന്ത്യയിലുടനീളം 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികളുടെ നിര്‍മാണം നടക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ഹൈവേകളിലുടനീളം ടോള്‍ പിരിവ് കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് ടോള്‍ പേയ്മെന്റുകള്‍ക്കായുള്ള സംയോജിതവും പരസ്പര പ്രവര്‍ത്തനക്ഷമവുമായ പ്ലാറ്റ് ഫോമായ നാഷണല്‍ ഇലക്ട്രോണിക് ടോള്‍ പിരിവ് പ്രോഗ്രാം, നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്തതായി അടുത്തിടെ പുറത്തിറക്കിയ ഒരു ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ ഘടിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ അധിഷ്ഠിത ഉപകരണമായ ഫാസ്റ്റ് ടാഗാണ് കേന്ദ്രബിന്ദു. ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക് ടോള്‍ പേയ്മെന്റുകള്‍ സാധ്യമാക്കുന്ന ഒരു ഉപകരണമാണിത്.
ഗുജറാത്തിലെ സൂറത്തില്‍ ഡല്‍ഹി-മുംബൈ എക്സ്പ്രസ്‌വേയുടെ നിര്‍മ്മാണ പുരോഗതി വ്യാഴാഴ്ച അവലോകനം ചെയ്ത ഗഡ്കരി, ഈ അഭിലാഷ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
‘എല്ലാ തടസ്സങ്ങളും നീക്കി പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു. റോഡ് നന്നായി നിര്‍മ്മിച്ചിട്ടുണ്ട്. മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാ ചെറിയ പോരായ്മകളും പരിഹരിക്കുമെന്നു ഗഡ് കരി പറഞ്ഞു.
ഭാവിയില്‍, ഈ റോഡിലൂടെ ഇലക്ട്രിക് ട്രക്കുകളും ബസുകളും ഓടുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്. ലോജിസ്റ്റിക് ചെലവ് കുറയ്ക്കുന്നതിന് ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഈ റോഡ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ കയറ്റുമതിയും ടൂറിസവും വര്‍ദ്ധിപ്പിക്കുമെന്നും ജനങ്ങളുടെ യാത്ര കൂടുതല്‍ സൗകര്യപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.







