തിരുവനന്തപുരം: തിരുവനന്തപുരത്തെ തീയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിക്കുന്നതായി വിവരം. തീയേറ്ററുകളില്‍ സിനിമ കാണാനെത്തിയ കമിതാക്കളുടെ സിസിടിവി ദൃശ്യങ്ങളാണ് അശ്ലീല ടെലഗ്രാം ചാനലുകളിലടക്കം വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ കെഎസ്എഫ്സിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്തെ കൈരളി, നിള, ശ്രീ തീയേറ്ററുകളില്‍നിന്നുള്ള ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലുള്ളതെന്നാണ് വിവരം. 2023 മുതലുള്ള ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. എന്നാല്‍ അടുത്തീയിടെയാണ് ഈ ദൃശ്യങ്ങള്‍ പോണ്‍സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുന്നത്. ചലച്ചിത്ര വികസന കോര്‍പ്പറേഷനും സാങ്കേതിക വിദഗ്ധരെ ഉപയോഗിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.







