പാലക്കാട്: ഡിസംബര്‍ നാല്. സത്യപ്രതിജ്ഞ ചെയ്ത ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തായി. 2024-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് ഷാഫി പറമ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് നിയമസഭാംഗത്വം രാജി വച്ചപ്പോള്‍ തുടര്‍ന്ന് നടന്ന പാലക്കാട് നിയമസഭ ഉപ-തിരഞ്ഞെടുപ്പില്‍ രാഹുല്‍ വിജയിച്ചു. 2024 ഡിസംബര്‍ 4ന് എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തു. അതിന്റെ വാര്‍ഷിക ദിനത്തിലാണ് ഇന്ന് ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തള്ളുന്നതും പിന്നാലെ പാര്‍ടിയില്‍ നിന്ന് പുറത്താക്കുന്നതും. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് നല്ലതെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. ബംഗളൂരുവിലെ യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്തപ്പോള്‍ രാഹുല്‍ ഒളിവില്‍പോയിരുന്നു. രാഹുലിന്റെ പേര് പറയാതെ നടി റിനി ആന്‍ ജോര്‍ജ് പരാതിയുമായി രംഗത്തെത്തിയതോടെയാണ് പാര്‍ടി കയ്യൊഴിഞ്ഞത്. ആക്ഷേപം വന്ന സമയത്ത് തന്നെ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഒരു യുവതി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. വിവാദമായതോടെ കെപിസിസി ആ ബലാത്സംഗ പരാതി ഡിജിപിയ്ക്ക് കൈമാറുകയായിരുന്നു. രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വിധിയ്ക്ക് ശേഷം കേരളത്തിലെ ഏതെങ്കിലും കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നതായും വിവരമുണ്ട്.







