ബെംഗളൂരു: കർത്താടക സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഒരു ദിവസത്തെ ശമ്പളത്തോട് കൂടിയുള്ള ആര്‍ത്തവ അവധി അനുവദിച്ചു. സ്ഥിരം, കരാര്‍, ഔട്ട്സോഴ്സ് തസ്തികകളില്‍ ജോലി ചെയ്യുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് എല്ലാ മാസവും ശമ്പളത്തോടെയുള്ള ഒരു ആര്‍ത്തവ അവധി നിര്‍ബന്ധമാക്കി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 1948 ലെ ഫാക്ടറി ആക്ട്, 1961 ലെ കര്‍ണാടക ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, 1951 ലെ പ്ലാന്റേഷന്‍ തൊഴിലാളി ആക്ട്, 1966 ലെ ബീഡി, സിഗാര്‍ തൊഴിലാളി (തൊഴില്‍ വ്യവസ്ഥകള്‍) ആക്ട്, 1961 ലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് തൊഴിലാളി ആക്ട് എന്നിവ പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള വ്യവസായങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും ഈ നിയമം ബാധകമാണെന്നു ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഡിസംബര്‍ 2 ന്, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഇതേ ആനുകൂല്യം നല്‍കുന്ന പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു, ഇത് ഉടന്‍ പ്രാബല്യത്തില്‍ വരും. ആര്‍ത്തവം അനുഭവിക്കുന്ന 18 നും 52 നും ഇടയില്‍ പ്രായമുള്ള വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ അവധിക്ക് അര്‍ഹതയുണ്ട്.
ആര്‍ത്തവ അവധിക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഉത്തരവില്‍ പറയുന്നു. ഹാജര്‍ രജിസ്റ്ററിലോ ലീവ് രജിസ്റ്ററിലോ അവധി പ്രത്യേകം രേഖപ്പെടുത്തണമെന്നും മറ്റ് ഏതെങ്കിലും വിഭാഗത്തിലുള്ള അവധിയുമായി ഇത് ചേര്‍ക്കാന്‍ കഴിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
ബാംഗ്ലൂര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ (ബിഎച്ച്എ) അടുത്തിടെ കര്‍ണാടക ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ മുന്‍ നിര്‍ദ്ദേശത്തെ ചോദ്യം ചെയ്ത്, ഈ ഉത്തരവ് വിവേചനപരമാണെന്ന് വാദിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ സ്ത്രീ തൊഴില്‍ദാതാക്കളില്‍ ഒന്നായിട്ടും സര്‍ക്കാര്‍ സ്വന്തം വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചിട്ടില്ലെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
പുതിയ ഉത്തരവോടെ സ്വകാര്യ, സര്‍ക്കാര്‍ മേഖലകളില്‍ ഒരേ നയം തന്നെ നടപ്പിലാക്കുവെന്ന കാര്യം ഉറപ്പാക്കുന്നു.







