ബംഗ്‌ളൂരു: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ എത്തിച്ച ഡ്രൈവര്‍ കസ്റ്റഡിയില്‍. മലയാളിയും വര്‍ഷങ്ങളായി ബംഗ്‌ളൂരുവില്‍ താമസക്കാരനും കര്‍ണ്ണാടകയിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ ഡ്രൈവറുമായ ആളാണ് പൊലീസിന്റെ കസ്റ്റഡിയിലായത്.
ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാലു കേന്ദ്രങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തിയെങ്കിലും രാഹുലിനെ കണ്ടെത്താനായില്ല.
അതേസമയം ബംഗ്‌ളൂരുവിലെ ഒളിവു കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട രാഹുല്‍ കേരളത്തിലേയ്ക്ക് തിരിച്ചെത്തിയേക്കുമെന്നാണ് പൊലീസിന്റെ കണക്കു കൂട്ടല്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകാനാണ് രാഹുലിന്റെ നീക്കമെന്നാണ് സൂചന. വയനാട് അതിര്‍ത്തി വഴി ഇയാള്‍ എത്തുമെന്ന സൂചനകളെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.







