മംഗളൂരു: സ്കൂട്ടറുകൾ കവർന്ന കേസിൽ രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിലായി. തിരുവനന്തപുരം വെള്ളാട് ഒറ്റത്തൈ സ്വദേശി അലക്സ് ഡൊമിനിക് (25), കോഴിക്കോട് കുരാച്ചൂർ സ്വദേശി അമൽ കൃഷ്ണ (25) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ജപ്പീനമോഗരു ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന രണ്ട് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച കേസിലാണ് രണ്ട് അന്തർ സംസ്ഥാന മോഷ്ടാക്കളെ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. നവംബർ 14 ന് പ്രതികൾ സുഹൃത്തുക്കളെ കാണാൻ മംഗളൂരുവിലെത്തി മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിത്തിരിയുകയായിരുന്നു. പിന്നീട് നാഗുരി ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറും ജപ്പീനമോഗരുവിലെ ആദിമായ ക്ഷേത്രത്തിന് സമീപം നിർത്തിയിട്ടിരുന്ന മറ്റൊരു സ്കൂട്ടറും മോഷ്ടിച്ചു. താക്കോലില്ലാത്ത വാഹനങ്ങൾ മോഷ്ടിക്കാൻ പ്രതികൾ ഡയറക്ട്-കണക്ഷൻ രീതി ഉപയോഗിച്ചതായി പൊലീസ് പറഞ്ഞു. കങ്കനാടി സിറ്റി പൊലീസ് ആണ് കേസടുത്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞു. നവംബർ 30 ന് അവർ മംഗളൂരുവിലേക്ക് മടങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. രണ്ട് സ്കൂട്ടറുകളും രണ്ട് മൊബൈൽ ഫോണുകളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.







