പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് യുവതി നല്‍കിയ ലൈംഗിക പീഡന പരാതിക്ക് പിന്നാലെ പാലക്കാട്ടുനിന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ നാലാം ദിവസവും തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അതിനിടെ രാഹുല്‍ കടന്നത് ഒരു ചുവന്ന കാറിലാണെന്ന വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സ്വന്തം വാഹനം ഫ്‌ളാറ്റില്‍ നിര്‍ത്തിയിട്ടശേഷമാണ് മറ്റൊരു കാറില്‍ രാഹുല്‍ കടന്നത്.
കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഉടമ ഒരു സിനിമാ താരമാണെന്ന് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാഹുലിനെതിരായ ലൈംഗിക പീഡനക്കേസില്‍, താമസസ്ഥലമായ പാലക്കാട് കുന്നത്തൂര്‍മേടുള്ള ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
2025 മേയില്‍ ഫ്‌ളാറ്റില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു യുവതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധന 5 മണിക്കൂറോളം നീണ്ടു. ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പാലക്കാട് എ.എസ്.പി രാജേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ മുഴുവന്‍ ദൃശ്യങ്ങളും ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഒരു മാസം മുന്‍പു വരെയുള്ള ദൃശ്യങ്ങളേ ഉള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം. പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. രാഹുലിന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തെയും ഡ്രൈവറെയും നേരത്തെ ചോദ്യം ചെയ്തിരുന്നു. അതുപോലെ തന്നെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.
പാലക്കാട് നഗരത്തിന് പുറത്തെ ഹോട്ടലില്‍ നിന്നുള്ള വിവരങ്ങളും പൊലീസ് ശേഖരിച്ചതായാണ് അറിയുന്നത്. തിരുവനന്തപുരത്ത് വാടകയ്ക്ക് താമസിച്ച ഫ് ളാറ്റില്‍ വച്ചും 2 തവണ പീഡിപ്പിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവിടെയും പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.







