ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസിലെ രണ്ടാം പ്രതിയ്ക്കും വധശിക്ഷ. പ്രതി രജനി(38)യെയാണ് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ പ്രബീഷിന് കഴിഞ്ഞ ദിവസം വധശിക്ഷ വിധിച്ചിരുന്നു. ഒഡീഷ ജയിലിലുള്ള പ്രതി രജനിയെ ശനിയാഴ്ച രാവിലെ ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടര്‍ന്നാണ് ശിക്ഷ കോടതി വിധിച്ചത്. ഒന്നാം പ്രതിക്ക് പുറമെ രണ്ടാം പ്രതിയായ രജനിക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ അരുംകൊലയിലെ ഒന്നാം പ്രതിയായ പ്രബീഷിന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കോടതി വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസില്‍ ഒഡീഷയില്‍ ജയിലിലായിരുന്നു രജനി. രജനി ഓണ്‍ലൈന്‍ വഴിയാണ് വിചാരണ പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവിനെയും രണ്ടു കുട്ടികളെയും ഉപേക്ഷിച്ചാണ് അനിത പ്രബീഷിനൊപ്പം പോയത്.
അതേസമയം രജനിയുമായും പ്രബീഷിന് ബന്ധമുണ്ടായിരുന്നു. പ്രബീഷും രജനിയും ഭാര്യാഭര്‍ത്താക്കന്‍മാരെപ്പോലെ കഴിയുമ്പോഴാണു രണ്ടുപേരും ചേര്‍ന്ന് ആസൂത്രിതമായി അനിതയെ കൊലപ്പെടുത്തിയത്. 2021 ജൂലൈ 9ന് രാത്രി രജനിയുടെ വീട്ടില്‍ വച്ചാണ് അനിതയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ഇരുവരും ചേര്‍ന്ന് അനിതയുടെ കഴുത്തും വായും മൂക്കും ഞെരിച്ചു. മരിച്ചെന്ന് കരുതി ഫൈബര്‍ ബോട്ടില്‍ കയറ്റി അരയന്‍തോട്ടിലൂടെ പൂക്കൈതയാറ്റിലേക്കു തുഴഞ്ഞുപോയി. ബോട്ട് മറിഞ്ഞതോടെ മൂവരും പുഴയില്‍ വീണു. അബോധാവസ്ഥയിലായിരുന്ന അനിത പുഴയില്‍ മുങ്ങിയാണ് മരിച്ചത്.







