കാസര്‍കോട്: നീലേശ്വരത്ത് പൊലീസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നതിന് കാസര്‍കോട് സ്വദേശിയെ അറസ്റ്റു ചെയ്തു. കൊലപാതകം ഉള്‍പ്പെടെ 22 കേസുകളില്‍ പ്രതിയായ കാസര്‍കോട്, ആര്‍ ഡി നഗറിലെ അജയ്കുമാര്‍ ഷെട്ടി എന്ന തേജു (29)വിനെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയി അറസ്റ്റു ചെയ്തത്.
ഞായറാഴ്ച രാത്രി 10 മണിയോടെ കരുവാച്ചേരി ദേശീയപാതയില്‍ അക്രമാസക്തനായ തേജു ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതായുള്ള വിവരം അറിഞ്ഞാണ് പൊലീസ് സ്ഥലത്ത് എത്തിയത്. യുവാവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുധീറിനെ അക്രമിക്കുകയും മാന്തി പരിക്കേല്‍പ്പിക്കുകയും യൂണിഫോം വലിച്ചു കീറിയെന്നതിനുമാണ് തേജുവിനെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു.






