കാസര്‍കോട്: ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച സണ്‍ഡെ തിയറ്ററിന്‍റെ ‘പച്ചത്തെയ്യം’ സിനിമ മികച്ച ഇന്ത്യന്‍ സിനിമയായി തെരഞ്ഞെടുക്കപ്പെട്ടു. രാമേശ്വരം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് മത്സരത്തിനെത്തിയ 180 ഓളം സിനിമകളില്‍ നിന്ന് പച്ചത്തെയ്യം പുരസ്കാരം നേടിയത്.
സിനിമാ നടന്മാരായ അനൂപ് ചന്ദ്രന്‍, ഉണ്ണിരാജ് തുടങ്ങി ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 ഓളം കുട്ടികളും അഭിനയിച്ച ചിത്രമാണിത് . മൊബൈല്‍ ഗെയിമിന് അടിമപ്പെട്ടു പോകുന്ന കുട്ടികളെ തിരിച്ചുപിടിക്കാനും നഷ്ടപ്പെട്ടുപോകുന്ന നാടന്‍ കളികള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്നതുമാണ് പ്രമേയം. . ചിത്രത്തിന്‍റെ പ്രദര്‍ശനം നാട്ടിന്‍പുറങ്ങളിലെ ക്ലബ്ബുകളും സന്നദ്ധ പ്രവര്‍ത്തകരും നടത്തിവരുന്നു.
ഗോപി കുറ്റിക്കോലാണ് തിരക്കഥയും സംവിധാനവും. മനോജ് കെ സേതു ഛായാഗ്രഹണവും എഡിറ്റിംഗും നിര്‍വ്വഹിച്ചു . അനൂപ്രാജ് സഹസംവിധായകനും ജി സതീഷ് ബാബു ക്രിയേറ്റീവ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. സുനില്‍ പുലരിയാണ് സ്റ്റില്‍സ്. കാസര്‍കോട് ജില്ലയിലെ കുടുംബൂര്‍ ഗ്രാമമായിരുന്നു പ്രധാന ലൊക്കേഷന്‍.
കഴിഞ്ഞ വര്‍ഷത്തെ ജില്ലാ യുവജനോത്സവത്തില്‍ മികച്ച നടനായ ധാര്‍മിക് കാടകം കഥയിലെ വില്ലനായും നായകനായി ശ്രീഹരിയും, നായികയായി പാര്‍വ്വണയും വേഷമിട്ടു. പതിനഞ്ച് ദിവസമായിരുന്നു ചിത്രീകരണം.
കാസര്‍കോട് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചിത്രം നിര്‍മ്മിച്ചത്. അഹമ്മദാബാദ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും, ഡിസംബറില്‍ ബീഹാറില്‍ നടക്കുന്ന ജാജാ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.






