കാസര്‍കോട്: സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്തെ പെട്ടിക്കടയില്‍ കവര്‍ച്ച. ഇരുമ്പു ഗ്രില്ലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ മൂന്നു ഗ്യാസ് സിലിണ്ടറുകളും കഞ്ഞി വെയ്ക്കാനായി സൂക്ഷിച്ചിരുന്ന അരിയും മിഠായികളും മോഷ്ടിച്ചു. കര്‍ണ്ണാടക സ്വദേശിനിയും സീതാംഗോളിക്കു സമീപത്തു താമസക്കാരിയുമായ നബീസ ഉമ്മയുടെ തട്ടുകടയിലാണ് മോഷണം നടന്നത്.
ഞായറാഴ്ച തട്ടുകട അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെ കട തുറക്കാനായി നബീസ എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്ത നിലയില്‍ കണ്ടത്. അകത്തേയ്ക്ക് നോക്കിയപ്പോള്‍ ഗ്യാസ് സിലിണ്ടറുകളും കഞ്ഞിക്കുള്ള അരിയും ഭരണികളില്‍ സൂക്ഷിച്ചിരുന്ന മിഠായികളും മോഷണം പോയതായി വ്യക്തമായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി.






