കാസര്‍കോട്: പുല്ലൂര്‍, കൊടവലത്ത് വീട്ടു പറമ്പിലെ കിണറില്‍ വീണത് രണ്ടു വയസ്സുള്ള പെണ്‍പുലിയാണെന്നു വ്യക്തമായി. വനംവകുപ്പ് അധികൃതരുടെ പ്രാഥമിക നിരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇരതേടി നടക്കുന്നതിനിടയിലായിരിക്കും പുലി അബദ്ധത്തില്‍ കിണറ്റില്‍ വീണതെന്നു സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് പുല്ലൂര്‍, കൊടവലം, നീരളംകയയിലെ മധുവിന്റെ വീട്ടുപറമ്പിലെ ആള്‍മറയുള്ള കിണറ്റില്‍ പുലിയ വീണു കിടക്കുന്നതു കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി രാത്രി 9.30 മണിയോടെ പുലിയെ രക്ഷപ്പെടുത്തി കൂട്ടിലാക്കി. രാത്രി തന്നെ പുലിയെ കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് പരിസരത്തേയ്ക്ക് മാറ്റി. ആറളത്തു നിന്നും എത്തിയ വെറ്റനറി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ പുലിക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും ഉറപ്പു വരുത്തി. പുലിയെ എവിടെ തുറന്നു വിടണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് കാഞ്ഞങ്ങാട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കാട്ടില്‍ തുറന്നു വിടാനാണ് ഇപ്പോഴത്തെ ആലോചന. എന്നാല്‍ തുറന്നു വിടേണ്ട സ്ഥലം ഏതെന്ന കാര്യത്തില്‍ വ്യക്തതയില്ല. നേരത്തെ ബേഡകം, കൊളത്തൂരില്‍ നിന്നു പിടികൂടിയ പുലിയെ പിടികൂടി മുള്ളേരിയയ്ക്ക് സമീപത്ത് കാട്ടില്‍ വിട്ടയച്ച സംഭവം വിവാദമായിരുന്നു. അതിനാല്‍ കരുതലോടെ നീങ്ങാനാണ് അധികൃതരുടെ ആലോചന. പുലിയെ മൃഗശാലയിലേയ്ക്കു മാറ്റാനുള്ള ആലോചനയും നടക്കുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം നേരത്തെ നിരവധി തവണ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച പെരിയ കേന്ദ്രസര്‍വ്വകലാശാലയ്ക്കു സമീപത്ത് വീണ്ടും പുലിയിറങ്ങിയതായി സംശയിക്കുന്നു. ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍വ്വകലാശാല ക്യാമ്പസിനകത്ത് വനം വകുപ്പ് ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്.







