കാസര്‍കോട്: കാസര്‍കോട് ഫ്‌ലീ എന്ന പേരില്‍ നുള്ളിപ്പാടിയില്‍ നടത്തിയ സംഗീത പരിപാടിയിലേയ്ക്ക് ഒഴുകി എത്തിയത് ആയിരങ്ങള്‍. മൂവായിരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പരിപാടിക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നതെന്നു അധികൃതര്‍ പറഞ്ഞു. എന്നാല്‍ പൊലീസിന്റെയും സംഘാടകരുടെയും കണക്കു കൂട്ടലുകള്‍ തെറ്റിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ താരം ഹനാന്‍ഷായുടെ പാട്ടു കേള്‍ക്കാന്‍ ആയിരങ്ങള്‍ എത്തിയത്. ഓഡിറ്റോറിയത്തിലേയ്ക്ക് കടക്കാന്‍ കഴിയാതെ നൂറുകണക്കിനു പേര്‍ ദേശീയപാതയുടെ സര്‍വ്വീസ് റോഡില്‍ തടിച്ചു കൂടി, ഇവരില്‍ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. ഓഡിറ്റോറിയത്തിലേയ്ക്ക് കടക്കാന്‍ കഴിയാതെ പുറത്തു നിന്നവര്‍ തിക്കും തിരക്കും ഉണ്ടാക്കിയതോടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. പൊലീസ് ലാത്തി വീശുകയും ആള്‍ക്കാര്‍ ചിതറി ഓടുകയും ചെയ്തു. ഇതിനിടയില്‍ പൊലീസുകാരടക്കമുള്ളവര്‍ കാടുമൂടി കിടന്ന കുഴിയില്‍ വീണു. സ്ഥിതി ഗുരുതരാവസ്ഥയിലേയ്ക്ക് നീങ്ങുമെന്ന നിലവന്നതോടെ ജില്ലാ പൊലീസ് മേധാവി സ്ഥലത്തെത്തി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം നിരവധി പേരെ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി. പരിപാടി അവസാനിപ്പിക്കുന്നതായി ജില്ലാ പൊലീസ് മേധാവി വേദിയില്‍ കയറി മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയും ചെയ്തു. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ട് ബോധം കെട്ടുവീണവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടൊപ്പം കാസര്‍കോട്ട് വലിയ ദുരന്തം ഉണ്ടായി എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ പടര്‍ന്നു പിടിച്ചു. വിവരം തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തെത്തിയതോടെ കാസര്‍കോട്ടേയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഫോണ്‍വിളികള്‍ എത്തിക്കൊണ്ടിരുന്നു. രാത്രി 11.30 മണിയോടെയാണ് സ്ഥിതി പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായത്.
സംഭവത്തില്‍ സംഘാടകരായ അഞ്ചുപേര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി നളിനാക്ഷന്റെ പരാതി പ്രകാരമാണ് കേസ്.






