കാസര്‍കോട്: കാറില്‍ രഹസ്യ അറ ഉണ്ടാക്കി 3.15 കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസിന്റെ അന്വേഷണം കാസര്‍കോട്ടെ പൊലീസ് ഉദ്യോഗസ്ഥനിലേയ്ക്ക്. ഇതിന്റെ ഭാഗമായി കസ്റ്റംസ് സംഘം ഉടന്‍ എത്തുമെന്നാണ് സൂചന. എന്നാല്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. കുഴല്‍പ്പണം പിടികൂടുന്നതിനു മുമ്പും ശേഷവും മുഖ്യപ്രതി ഫോണില്‍ ബന്ധപ്പെട്ടതാണ് പൊലീസ് ഉദ്യോഗസ്ഥനു വിനയായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് മാനന്തവാടി, തെക്കില്‍ പാലത്തില്‍ വച്ച് കുഴല്‍പ്പണം പിടികൂടിയത്. കസ്റ്റംസിനും വയനാട് ജില്ലാ പൊലീസ് മേധാവിക്കും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സീറ്റുകള്‍ക്ക് അടിയില്‍ പ്രത്യേകമായി നിര്‍മ്മിച്ച രഹസ്യ അറയില്‍ കടത്തിയ കുഴല്‍പ്പണം പിടികൂടിയത്. നൂറിന്റെയും 500 ന്റെയും നോട്ടുകളാണ് പിടികൂടിയത്. കാറില്‍ ഉണ്ടായിരുന്ന ആസിഫ്, റസാഖ്, മുഹമ്മദ് ഫാസില്‍ എന്നിവരെ അപ്പോള്‍ തന്നെ അറസ്റ്റു ചെയ്തിരുന്നു. ബംഗ്‌ളൂരുവില്‍ വച്ച് ഒരാള്‍ ചാക്കുകളിലാക്കി സ്‌കൂട്ടറില്‍ കൊണ്ടുവന്നാണ് പണം കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ നല്‍കിയ മൊഴി. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പണക്കടത്ത് സംഘത്തിന്റെ തലവനെന്നു പറയുന്ന വടകര സ്വദേശി സല്‍മാനും ആസിഫും പൊലീസിന്റെ പിടിയിലായത്. സല്‍മാന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വടക്കന്‍ കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനുമായി നിരവധി തവണ ബന്ധപ്പെട്ടതായി കണ്ടെത്തി. പണം പിടികൂടുന്നതിനു മുമ്പും ശേഷവും സല്‍മാനും ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി വ്യക്തമായി. ഇതോടെയാണ് കുഴല്‍പ്പണ കടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഉണ്ടായിരുന്നുവോയെന്ന സംശയം ശക്തമായത്.







