കാസര്‍കോട്: കാസര്‍കോട്ട് ദേശീയ പാതയിലേക്ക് പോത്തിന്‍കൂട്ടം കയറി, അധികൃതരെയും യാത്രക്കാരെയും ഭീതിയിലാഴ്ത്തിയ സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോത്തുകളുടെ ഉടമകളായ എരിയാല്‍ ബ്ലാര്‍ക്കോട്ടെ അബ്‌സര്‍, അബ്ദുല്‍ ജാസര്‍, ആസാദ് നഗറിലെ മുഹമ്മദ് ആഷിഖ്, എരിയാല്‍ ബള്ളീറിലെ ഹസ്രത്ത് റാഹിന്‍, എരിയാലിലെ ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്. വളര്‍ത്തു പോത്തുകളെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകടവും ജീവന് ഭീഷണിയും ഉണ്ടാക്കത്തക്ക വിധം അറിഞ്ഞു കൊണ്ട് ഉപേക്ഷയോടു കൂടി കൈകാര്യം ചെയ്യുകയും തുറന്നുവിടുകയും ചെയ്തുവെന്ന് കേസില്‍ പറയുന്നു.
ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അടുക്കത്ത്ബയലില്‍ വച്ചാണ് 12 പോത്തുകള്‍ സര്‍വ്വീസ് റോഡില്‍ നിന്ന് പ്രധാന പാതയിലേക്ക് കയറിയത്. വിവരമറിഞ്ഞ് എത്തിയ ഫയര്‍ഫോഴ്‌സും പൊലീസും നടത്തിയ കഠിന പരിശ്രമത്തിനു ഒടുവില്‍ അണങ്കൂര്‍ എക്‌സിറ്റ് പോയന്റു വഴിയാണ് പോത്തുകളെ പുറത്തു കടത്തിയത്. മേയാന്‍ വിട്ട പോത്തുകളാണ് വഴി തെറ്റി ദേശീയ പാതയില്‍ കയറിയത്.







