മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടറി മുഹമ്മദ് സീഗന്റടി പാര്‍ട്ടി സ്ഥാനം രാജി വച്ചു; ബ്ലോക്ക് പ്രസിഡന്റ് ഡിഎംകെ മുഹമ്മദ് രാജിക്കൊരുങ്ങുന്നു, മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് സീനിയര്‍ ലീഡര്‍ ഗുരുവപ്പ സ്വതന്ത്രനായി മത്സരരംഗത്ത്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നാഗേഷ് മുസ്ലിം ലീഗില്‍ ചേര്‍ന്ന് ലീഗ് സ്ഥാനാര്‍ത്ഥിയായി, മംഗല്‍പാടിയില്‍ അഞ്ചിടത്ത് ലീഗിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍, കുമ്പളയില്‍ ലീഗും കോണ്‍ഗ്രസും; ലീഗും ലീഗും തമ്മിലും മത്സരം, മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് താഴിട്ടു
മഞ്ചേശ്വരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചൂടുപിടിച്ചു കൊണ്ടിരിക്കെ മഞ്ചേശ്വരം, മംഗല്‍പാടി, കുമ്പള ഗ്രാമപഞ്ചായത്തുകളില്‍ ലഡ്ഡു പൊട്ടി. വോട്ടര്‍മാര്‍ സന്തോഷം കൊണ്ട് ഇരിക്കാന്‍ കഴിയാതെ ഇനിയുള്ള തിരഞ്ഞെടുപ്പ് രംഗങ്ങള്‍ വീക്ഷിക്കുന്നതിന് ഉദ്വേഗപൂര്‍വ്വം കാത്തിരിക്കുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസിന്റെ അടപ്പുതെറിപ്പിക്കുമെന്ന് ലീഗ് പ്രവര്‍ത്തകരും ലീഗിന്റെ ഭരണ വിലാസം ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസുകാരും വാശിപിടിക്കുന്നു. ഇതിനിടയില്‍ മഞ്ചേശ്വരം നിയോജകമണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് നാഗേഷ് മഞ്ചേശ്വരം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു ലീഗില്‍ ചേര്‍ന്നു. ലീഗ് നാഗേഷിനെ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനിലെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കി പത്രിക സമര്‍പ്പിപ്പിച്ചു.

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 24 വാര്‍ഡുകളില്‍ ബിജെപിക്ക് ഉറച്ച വിജയം ലഭിക്കുന്ന എട്ടു വാര്‍ഡുകളാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനു മുസ്ലിം ലീഗ് വീതം വച്ചു നല്‍കിയതെന്നു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡിഎംകെ മുഹമ്മദ് പറഞ്ഞു. ഇതില്‍ ഒന്നോ രണ്ടോ വാര്‍ഡ് ചിലപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയേക്കാവുന്നതാണ്. എന്നാല്‍ അതില്‍ ഒന്നില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ ലീഗ് സ്ഥാനാര്‍ഥിയെയും നിറുത്തിയത്രെ. അതു വേണ്ടാ, കോണ്‍ഗ്രസിനെ നേരത്തെ ഉണ്ടായിരുന്ന രണ്ടു വാര്‍ഡും ജയിക്കാവുന്ന ഒരു വാര്‍ഡും വേണമെന്ന് ലീഗിനോട് ആവശ്യപ്പെട്ടെങ്കിലും അതിനവര്‍ തയ്യാറായില്ലെന്ന് പറയുന്നു. ഇത് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പ്രസിഡണ്ട് ഡിഎംകെ മുഹമ്മദ് പാര്‍ട്ടി ഭാരവാഹിത്വം രാജിവെക്കാന്‍ നീക്കം ഉണ്ടെന്നും പറയുന്നു.
മഞ്ചേശ്വരം ഗ്രാമപഞ്ചായത്തില്‍ വരുന്ന ബഡാജെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചിരുന്നു. ആ ഡിവിഷന്‍ ഈ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആ ഡിവിഷന് ലീഗും ആവശ്യമുന്നയിച്ചു. പകരം മഞ്ചേശ്വരം സംവരണ വാര്‍ഡ് അവര്‍ കോണ്‍ഗ്രസിന് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തുവത്രെ. ഇതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുയര്‍ന്നതോടെ ലീഗ് നേതൃത്വം കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് നാഗേഷിനെ വലയിലാക്കുകയും ലീഗില്‍ ചേര്‍ന്നാല്‍ മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പു കൊടുക്കുകയും ചെയ്തുവെന്ന് പറയുന്നു. നാഗേഷ് മുസ്ലിം ലീഗില്‍ ചേര്‍ന്നു മഞ്ചേശ്വരം ബ്ലോക്ക് ഡിവിഷനില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് സജീവമാവുകയും ചെയ്തു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഹനീഫ് പടിഞ്ഞാര്‍ മണ്ഡലം കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡും കൊടിയും നീക്കം ചെയ്തു. ഓഫീസ് പൂട്ടി താക്കോല്‍ കെട്ടിടം ഉടമയ്ക്ക് കൈമാറിയെന്ന് പറയുന്നു.
ദേശീയ പാര്‍ട്ടിയുടെ കീഴടങ്ങലില്‍ പ്രതിഷേധിച്ച് വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസുകാര്‍ സ്വതന്ത്രനായി പത്രിക നല്‍കിയിട്ടുണ്ട്. മഞ്ചേശ്വരത്തെ സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ഗുരുവപ്പ ബങ്കര മഞ്ചേശ്വരം വാര്‍ഡ് സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു.
മഞ്ചേശ്വരം പഞ്ചായത്തിലെ സ്ഥിതി ഇതാണെങ്കില്‍ തൊട്ടടുത്ത മംഗല്‍പാടിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച രണ്ടു വാര്‍ഡുകളും അതിന് പുറമേ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാന്‍ കഴിയുന്ന മറ്റൊരു വാര്‍ഡും കോണ്‍ഗ്രസ് ലീഗിനോട് ആവശ്യപ്പെട്ടു. യുഡിഎഫിന് പരാജയം ഉറപ്പായ മൂന്നു വാര്‍ഡുകള്‍ സന്മനസോടെ ലീഗ് കോണ്‍ഗ്രസിന് വിട്ടുകൊടുത്തു. സിപിഎമ്മിനു പതിവായി എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്ത് ലീഗ് വിജയം ഉറപ്പാക്കുന്ന ബേക്കൂര്‍ വാര്‍ഡും ബിജെപിയുടെ ശക്തി ദുര്‍ഗമായ പ്രതാപ് നഗറും കാലാകാലങ്ങളായി ബിജെപി വിജയപതാക പാറിക്കുന്ന മള്ളങ്കൈയുമാണ് യുഡിഎഫിലെ പ്രമുഖ പാര്‍ട്ടിക്കു കൂട്ടു കക്ഷിയായ ലീഗ് നല്‍കിയതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് മഞ്ചേശ്വരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി മുഹമ്മദ് സീഗന്റടി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു കൊണ്ടു ജില്ലാ പ്രസിഡന്റിനു കത്തയച്ചു. 24 അംഗ മംഗല്‍പാടി പഞ്ചായത്ത് വാര്‍ഡുകളില്‍ ഇച്ചിലങ്കോട്, മുട്ടം, ബന്തിയോടു വാര്‍ഡുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ട കേവലം മൂന്നു വാര്‍ഡുകളെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. ബാക്കി 21 സീറ്റും ഉണ്ടായിട്ടും ഇതുപോലും സമ്മതിക്കാത്ത ലീഗ് നിലപാട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുകയാണ്. ഇതിന്റെ ഭാഗമായി ബന്തിയോട് വാര്‍ഡില്‍ കോണ്‍ഗ്രസ്സുകാരനായ ബാബുവും മുട്ടം വാര്‍ഡില്‍ ജാബിറും പച്ചമ്പള പത്താംവാര്‍ഡില്‍ നസീറയും പന്ത്രണ്ടാം വാര്‍ഡ് ഇച്ചിലംകോട്ട് ഗീതയും പുതിയ വാര്‍ഡായ 13 മലന്തൂരില്‍ സുലേഖ ടീച്ചറും യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിട്ടുണ്ടെന്ന് അറിയുന്നു.

കുമ്പള ഗ്രാമപഞ്ചായത്തില്‍ അടിക്കടി തിരിച്ചടി എന്ന മട്ടില്‍ കോണ്‍ഗ്രസും ലീഗും റിബലുകളെ തിരഞ്ഞെടുപ്പ് രംഗത്തിറക്കി മത്സരത്തിന് എരിവും പുളിയും പകരുകയാണെന്നും വോട്ടര്‍മാര്‍ പറയുന്നു. കുമ്പളയിലും 24 വാര്‍ഡാണുള്ളത്. ഇതില്‍ വിജയ സാധ്യതയുള്ള 14 സീറ്റ് ലീഗ് എടുത്തു. ബിജെപിക്കും സിപിഎമ്മിനും ഉറച്ച അടിത്തറയുള്ള 10 വാര്‍ഡ് കോണ്‍ഗ്രസിനു വീതം വയ്ക്കുകയും ചെയ്തു. കുമ്പള റെയില്‍വേ സ്റ്റേഷന്‍ വാര്‍ഡില്‍ പ്രധാന മത്സരം കോണ്‍ഗ്രസും ലീഗും തമ്മില്‍ ആയിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സീറ്റ് ആയിരുന്ന ഈ വാര്‍ഡ് ലീഗ് ഏറ്റെടുക്കുകയും പകരം മുളിയടുക്ക കോണ്‍ഗ്രസിന് നല്‍കുകയും ആയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മൊഗ്രാലിലെ എ സമീറയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഈ വാര്‍ഡില്‍ പ്രഖ്യാപിച്ചു. ഇനാസ് ഫവാദിനെ നേരത്തെ ലീഗ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. സമീറ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും പറയുന്നു. ഇതിന് എതിരായി കോണ്‍ഗ്രസിലെ ഗണേഷ് ഭണ്ഡാരി മത്സരിക്കുന്ന പത്താം വാര്‍ഡ് മുളിയടുക്കത്ത് കോണ്‍ഗ്രസിനെതിരെ ലീഗിന്റെ സബൂറയും പത്രിക നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസും ലീഗും തമ്മില്‍ ഈ വാര്‍ഡുകളില്‍ ആവേശകരമായ മത്സരം ആയിരിക്കും എന്ന് വോട്ടര്‍മാര്‍ പറയുന്നു. അതിന്റെ ഫലമായി എസ്ഡിപിഐക്കും ബിജെപിക്കും ഈ വാര്‍ഡുകളില്‍ വിജയസാധ്യത ഏറിയിട്ടുണ്ടെന്നും സംസാരമുണ്ട്.
അതേസമയം 16-ാം വാര്‍ഡായ മൊഗ്രാല്‍ കൊപ്പളത്തു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായിരുന്ന നിസാന നിയാസ് ഇത്തവണ ലീഗിനെതിരെ മത്സര രംഗത്തുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് പഞ്ചായത്ത് നേതൃത്വം ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിറുത്തി തന്നെ തോല്‍പ്പിച്ചുവെന്നാരോപിച്ചാണ് റിസാന മത്സരരംഗത്തു നിലയുറപ്പിച്ചിട്ടുള്ളത്. അതേ സമയം കൊപ്പളത്ത് വെല്‍ഫയര്‍ പാര്‍ട്ടി റിസാന നിയാസിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നറിയുന്നു. ആശാവര്‍ക്കര്‍ ഖൈറുന്നീസയാണ് ഇവിടെ ലീഗ് സ്ഥാനാര്‍ത്ഥി. ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ആര്‍ജെഡിയുടെ ആയിഷ റിയാസും മത്സരംരംഗത്തുണ്ട്. സ്വതന്ത്രസ്ഥാനാര്‍ത്ഥി ആയിഷ ഇബ്രാഹിമും മത്സരിക്കുന്നു.






