കുമ്പള : യു.ഡി.എഫിലെ പ്രധാന ഘടകക്ഷികളായ കോൺഗ്രസ്സും മുസ്ലിംലീഗും തമ്മിലും ലീഗുകാർ തമ്മിലും പൊരിഞ്ഞ പോരാട്ടം നടക്കുന്ന കുമ്പള പഞ്ചായത്തിലെ ലീഗ് കോട്ടയായ കൊടിയമ്മ ഒമ്പതാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിക്കു കടുത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടു ഒരു വിഭാഗം ലീഗ് പ്രവർത്തകർ സജീവ പാർട്ടി പ്രവർത്തകനെ രംഗത്തിറക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി ഇവിടെ നടത്തിയ അട്ടിമറി വിജയം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇത്തവണ സ്വന്തം കോട്ട തിരിച്ചു പിടിക്കാൻ പാർട്ടിയുടെ കരുത്തനായ അബ്ബാസ് കൊടിയമ്മയെ രംഗത്തിറക്കിയതോടെ ഒരു വിഭാഗം പ്രവർത്തകർ പാർട്ടിയുടെ സജീവ പ്രവർത്തകനായ അബ്ദുൾ സലാമിനെ തിരഞ്ഞെടുപ്പു ഗോദയിലിറക്കി വിട്ടു. എ.പി. വിഭാഗത്തിൻ്റെ സജീവ പ്രവർത്തകനാണ് അബ്ദുൾ സലാമെ ന്നു പറയുന്നു. ഈ വിഭാഗത്തിനു ഈ വാർഡിൽ ശക്തമായ അടി വേരുണ്ടെന്നു പറയുന്നുണ്ട്. പേരാത്തതിനു എസ്.ഡി.പി.ഐ. സലാമിനു പിന്തുണയുമായി ഒപ്പമുണ്ടെന്നു പറയുന്നു. ഇരു സ്ഥാനാർത്ഥികളും വാർഡിൽ വോട്ടുപിടിത്തം ആരംഭിച്ചതോടെ വാർഡിൽ തിരഞ്ഞുപ്പു ചൂട് ശക്തമായിരിക്കുകയാണ്. വോട്ടർമാരെ കാണുന്നതിൽ ഇവരാരംഭിച്ചിട്ടുള്ള മത്സരം നാട്ടുകാർക്കും ആവേശം പകരുന്നു. മുസ്ലിം ലീഗ് അഞ്ചോ ആറോ ആളുകളുടെ കോക്കസായി മാറിയതിലുള്ള ധാർമ്മികരോഷമാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നു സലാം പറയുന്നു. ഇവരുടെ താൽപ്പര്യമാണ് ലീഗിൻ്റെ പേരിൽ നടത്തുന്നത്. ഇതു തുടരാൻ അനുവദിച്ചു കൂടാ. അതിനുള്ള മുന്നറിയിപ്പാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നു സലാം കൂട്ടി ച്ചേർത്തു. അബ്ദുൾ സലാമിൻ്റെ സ്ഥാനാർത്ഥിത്വം ലീഗിനു മറ്റൊരു ഭീഷണിയായിട്ടുണ്ടെന്നു പറയുന്നു. സി.പി.എം, ബി.ജെ.പി സ്ഥാനാർത്ഥികളും ഈ വാർഡിൽ മത്സരിക്കുന്നു.







