കുമ്പള: നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം കഴിഞ്ഞതോടെ തിരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിലെ പുത്തിഗെ ഡിവിഷനില്‍ പ്രധാന പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളെല്ലാം രംഗത്തുണ്ടെങ്കിലും പ്രധാന മത്സരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലായിരിക്കുമെന്നു വ്യക്തമായി.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി യൂത്ത് നേതാവ് ജുനൈദ് മത്സരിക്കുന്ന ഈ ഡിവിഷനില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവും കര്‍ഷക സംഘടനാ നേതാവുമായ ഷുക്കൂര്‍ കണാജെയും പത്രിക സമര്‍പ്പിച്ചു മത്സരരംഗത്തു നിലയുറപ്പിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാര്‍ട്ടി നേതൃത്വം നിഷ്പക്ഷ നിലപാടെടുത്തില്ലെന്നതാണ് ഷുക്കൂറിനെ പ്രകോപിപ്പിച്ചതെന്നറിയുന്നു.
കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ടു സംസ്ഥാന തലത്തില്‍ നടന്നിരുന്ന നിരവധി തട്ടിപ്പുകളും വെട്ടിപ്പുകളും വൈദ്യുതി വകുപ്പിന്റെ പകല്‍ക്കൊള്ളകളും രംഗത്തു കൊണ്ടു വരികയും അതിനെതിരെ ആദ്യമാദ്യം ഒറ്റയാള്‍ പോരാട്ടം നടത്തുകയും ചെയ്ത ഷുക്കൂര്‍ പിന്നീട് കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. കാര്‍ഷിക സബ്‌സിഡി, വളം വിതരണത്തിലെ തട്ടിപ്പും ക്രമക്കേടുകളും വിത്തു വിതരണത്തിലെ അഴിമതികളും ജൈവവള വിതരണത്തിനു പിന്നിലെ ക്രമക്കേടുകളും തുടങ്ങി കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളെ സംസ്ഥാനതലത്തില്‍ സംശുദ്ധമാക്കുന്നതിനുള്ള നീക്കങ്ങള്‍ക്കു ഷുക്കൂറിന്റെ ഇടപെടലുകള്‍ വഴി വച്ചിട്ടുണ്ട്. മാത്രമല്ല, കൃഷിവകുപ്പില്‍ നിന്നു കര്‍ഷകര്‍ക്കു ലഭിക്കേണ്ട ന്യായമായ നിരവധി ആശ്വാസങ്ങളും സബ്‌സിഡികളും കര്‍ഷകര്‍ക്കു നേടിക്കൊടുക്കാനും ഷുക്കൂറിന്റെ ഇടപെടലുകള്‍ വഴി തെളിച്ചിട്ടുണ്ട്. ഇതോടൊപ്പം നാടിന്റെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കും പൊതു പ്രശ്‌നങ്ങള്‍ക്കും ഷുക്കൂര്‍ വലിയ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും ജനപ്രതിനിധി എന്ന അംഗീകാരം കൂടുതല്‍ സഹായകമാവുമെന്നും നാട്ടുകാര്‍ പറയുന്നു. കോണ്‍ഗ്രസിന്റേതുള്‍പ്പെടെ ഈ ഡിവിഷനില്‍ മത്സരിക്കുന്ന സിപിഎം, ബിജെപി, സ്ഥാനാര്‍ത്ഥികളെ കുറിച്ചും വോട്ടര്‍മാര്‍ക്കു ഭിന്നാഭിപ്രായങ്ങളൊന്നുമില്ല. അതേ സമയം ജുനൈദും ഷുക്കൂറും തമ്മില്‍ നേരിടുന്നത് കോണ്‍ഗ്രസും സിപിഎമ്മും ബിജെപിയും കൗതുകപൂര്‍വ്വം വീക്ഷിക്കുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ പുത്തിഗെ ഡിവിഷനില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ ആ ഡിവിഷനിലുണ്ടായിരുന്ന പുത്തിഗെ ഗ്രാമപഞ്ചായത്തിലെ അഞ്ചു വാര്‍ഡുകളും എന്‍മകജെ, പൈവളിഗെ ഗ്രാമ പഞ്ചായത്തുകളിലെ രണ്ടു വീതം വാര്‍ഡുകളും അടര്‍ത്തിയെടുത്ത് പെര്‍മുദെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ പുതുതായി രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ നിന്നു മാറ്റിയ അഞ്ചു വാര്‍ഡുകളിലധികവും പൈവളിഗെ ഗ്രാമ പഞ്ചായത്തില്‍ നിന്നു അടര്‍ത്തി മാറ്റിയ രണ്ടു വാര്‍ഡുകളും സിപിഎം കേന്ദ്രങ്ങളാണെന്നു പറയുന്നു. എന്‍മകജെ ഗ്രാമപഞ്ചായത്തില്‍ നിന്നു പെര്‍മുദെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടുത്തിയ രണ്ടു വാര്‍ഡുകള്‍ ബിജെപി-കോണ്‍ഗ്രസ് സ്വാധീന വാര്‍ഡുകളാണ്. പുത്തിഗെ ഡിവിഷനില്‍ ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഭൂമിശാസ്ത്രപരമായ മാറ്റവും തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രകടമായേക്കുമെന്നു വോട്ടര്‍മാര്‍ കരുതുന്നു.







