കാസര്‍കോട്: മധൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടന്ന കേരള സര്‍ക്കാരിന്റെ ശുചിത്വ മിഷന്‍ പരിപാടിക്കിടയില്‍ വര്‍ഗീയ കലാപത്തിനു ശ്രമിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന അന്‍പതു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് സ്വമേധയാ കേസെടുത്തു. എസ്‌ഐ നിജില്‍രാജിന്റെ പരാതി പ്രകാരമാണ് കേസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.20 മണിയോടെയാണ് കേസിനാസ്പദമായ സംഭവം.
ജില്ലാ ശുചിത്വ മിഷനും കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ഭരണകൂടവുമായി സഹകരിച്ചു നടത്തിയ ഹരിത സന്ദേശ യാത്ര ഉളിയത്തടുക്കയിലുള്ള മധൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിക്കാന്‍ എത്തിയതായിരുന്നു. ഈ സമയത്ത് ഒരു വിഭാഗം ആള്‍ക്കാര്‍ സംഘടിതരായെത്തി മറുഭാഗത്ത് മറ്റൊരു വിഭാഗം ആള്‍ക്കാരും സംഘടിതരായി നിന്നു. ഫ്‌ളാഷ് മോബ് പരിപാടിയെ അനുകൂലിച്ച വിഭാഗത്തെ മറുവിഭാഗം കായികമായി നേരിട്ടതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്. പൊലീസിനെ കണ്ടതോടെ ആള്‍ക്കാര്‍ ചിതറിയോടി. വൈകുന്നേരം വരെ സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. രാത്രിയിലാണ് സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. സംഘര്‍ഷ ശ്രമത്തിന്റ വീഡിയോ പൊലീസ് പരിശോധിച്ചു വരുന്നു. സംഭവത്തില്‍ മൂന്നോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.







