മംഗളൂരു: വേദിയിൽ യക്ഷഗാന പരിപാടി കഴിഞ്ഞ ശേഷം വേഷം അഴിച്ചു മാറ്റുന്നതിനിടെ പ്രമുഖ കലാകാരൻ കുഴഞ്ഞുവീണു മരിച്ചു. ഉഡുപ്പിയിലെ മന്ദാർത്ഥി യക്ഷഗാന സംഘത്തിലെ കലാകാരനും ശൃംഗേരി നെന്മാറ സ്വദേശിയുമായ ഈശ്വര ഗൗഡ(51) ആണ് മരിച്ചത്. ബുധനാഴ്ച അർദ്ധരാത്രിയിൽ കുന്താപുര സൗദക്ക് സമീപത്തുള്ള ഒരു പരിപാടിക്കിടെയാണ് സംഭവം. ഗ്രീൻ റൂമിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിതാവും കലാകാരനാണ്. പിതാവിന്റെ അനുഗ്രഹം വാങ്ങിയാണ് മഹിഷാസുരന്റെ വേഷം അവതരിപ്പിച്ചത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി യക്ഷഗാനരംഗത്ത് നിറഞ്ഞുനിന്ന കലാകാരനായിരുന്നു. നിരവധി യക്ഷഗാന സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പുരാണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ പേരുകേട്ട കലാകാരനായിരുന്നു. വ്യാഴാഴ്ച വൈകിട്ട് ജന്മനാട്ടിൽ അന്ത്യകർമ്മങ്ങൾ നടന്നു. പ്രമുഖ യക്ഷഗാന കലാകാരന്മാർ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. ഭാര്യയും രണ്ട് ആൺമക്കളുമുണ്ട്.







