ബെംഗളൂരു: നഗരത്തിൽ പട്ടാപ്പകൽ വൻ കൊള്ള. എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7.11 കോടി രൂപ കൊള്ളയടിച്ചു. സ്വകാര്യ കമ്പനിയുടെ വാഹനത്തിൽ വന്നവരാണ് പണം കവർന്നത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം. നികുതി വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് കവർച്ചക്കാർ എത്തിയത്. എടിഎമ്മിന് മുന്നിലെത്തിയ ഇവർ പണവും വാനിലെ ജീവനക്കാരെയും കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പണം എടുത്ത ശേഷം ജീവനക്കാരെ പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. ജയനഗറിലെ അശോക പില്ലറിന് സമീപമാണ് കവർച്ച നടന്നത്. ശേഷം ഇന്നോവ കാറിലാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. സംഭവത്തിൽ ഗ്രേ കളർ ഇന്നോവയ്ക്കായി അന്വേഷണം നടന്നുവരികയാണ്. ബന്നാർഘട്ട ഭാഗത്തേക്കാണ് കവർച്ചക്കാർ രക്ഷപ്പെട്ടത്. കൊള്ളയെക്കുറിച്ച് വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് നഗരത്തിൽ വ്യാപകമായ തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കവർച്ചയ്ക്ക് ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ കാറാണെന്ന് സ്ഥിരീകരിച്ചു. നമ്പർ യഥാർത്ഥത്തിൽ ഒരു സ്വിഫ്റ്റ് ഡിസയർ കാറിന്റേതാണെന്നും കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, അശോക പില്ലറിൽ നിന്ന് ലാൽബാഗ് ഭാഗത്തേക്ക് നീങ്ങിയ ശേഷം കാർ യൂട്ടേൺ എടുത്ത് കോറമംഗലം വഴി ഹോസ്കോട്ടിലേക്ക് കടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്.







