കാസർകോട് : ദേശീയപാത സർവീസ് റോഡ് ടൂവേയാണോ വൺ വേയാണോ എന്നതിനെ ചൊല്ലി രണ്ടഭിപ്രായം നിലനിൽക്കുന്നതിനിടയിൽ സർവീസ് റോഡിൽ ദേശീയപാത നിർമ്മാണ കമ്പനി അധികൃതർ “ലക്ഷ്മണരേഖ” വരച്ചു.
ഇതുവരെ വൺവേയായിരുന്ന സർവീസ് റോഡിൽ നടപ്പാതയ്ക്ക് സമീപം വരെ രണ്ട് വരിപാതയാണു ള്ളത്.ഇത് വേർതിരിച്ചു മാർക്ക് ചെയ്തതോടെ ഇനി ഈ ലക്ഷ്മണ രേഖയ്ക്കുള്ളിൽ വാഹനങ്ങൾ നിർത്തിയിട്ടാൽ പിഴ അടക്കേണ്ടി വരും. ദേശീയപാത നിർമ്മാണം പൂർണ്ണമായും പൂർത്തിയാക്കിയ 66ൽ തലപ്പാടി-ചെങ്കള റീച്ചിലെ സർവീസ് റോഡിലാണ് ലക്ഷ്മലേഖ വരച്ചു തുടങ്ങിയത്.
ഇടുങ്ങിയ സർവീസ് റോഡുകളിൽ നടപ്പാതകളിൽമേൽ പോലും വാഹനങ്ങൾ നിർത്തിയിടുന്നത് വാഹനങ്ങൾക്കും വിദ്യാർത്ഥികൾ അടക്കമുള്ള കാൽനടയാത്രക്കാർക്കും ഏറെ ദുരിതമായി മാറിയിരുന്നു.ഇതു ഒഴിവാക്കാനാണ് അധികൃതർ ഇപ്പോൾ “ലക്ഷ്മണരേഖ” വരച്ചി രിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളിൽ ഇനി മുതൽ പോലീസ് പരിശോധനയും ഉണ്ടാകും.
ജില്ലയിലുടനീളം അനധികൃത പാർക്കിംഗുകൾ ക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.പിഴ ചുമത്തിയും,ലോക്ക് ചെയ്തുമാണ് പോലീസ് നടപടി സ്വീകരിക്കുന്നത്. കാസർകോട് റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ അനധികൃതമായി പാർക്ക് ചെയ്ത നിരവധി വാഹനങ്ങളെ പോലീസ് ലോക്ക് ചെയ്തു പിഴ ചുമത്തിയിരുന്നു .






