കാസര്‍കോട്: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനു വീട്ടിലേയ്ക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച വിരോധത്തില്‍ കാസര്‍കോട് നഗരത്തിലെ നിരവധി ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്നായി 170 ഫ്യൂസുകള്‍ ഊരി മാറ്റി നാടിനെ ഇരുട്ടിലാഴ്ത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. കെ എസ് ഇ ബി നെല്ലിക്കുന്ന്, സെക്ഷന്‍ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ രമേശ നല്‍കിയ പരാതി പ്രകാരം കൂഡ്‌ലു, കാളിയങ്ങാട്ടെ മുഹമ്മദ് മുനവറിനെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. വൈകുന്നേരം നാലേമുക്കാല്‍ മണിയോടെ കെ എസ് ഇ ബി നെല്ലിക്കുന്ന് സെക്ഷന്‍ ഓഫീസില്‍ അതിക്രമിച്ചു കയറി ബഹളം ഉണ്ടാക്കുകയും വാട്‌സ് ആപ്പ് വഴി ഭീഷണിപ്പെടുത്തുകയും നെല്ലിക്കുന്ന് സെക്ഷനിലെയും കാസര്‍കോട് സെക്ഷനിലെയും അന്‍പതോളം ട്രാന്‍സ് ഫോര്‍മറുകളില്‍ നിന്നായി 170 ഫ്യൂസുകള്‍ ഊരുകയും 23 ഫ്യൂസുകള്‍ നശിപ്പിക്കുകയും ചെയ്തുവെന്നതിനാണ് കേസ്. ഇതുവഴി ബോര്‍ഡിന് 56,752 രൂപയുടെ നഷ്ടം വരുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
22,000 രൂപയായിരുന്നു യുവാവിന്റെ വീട്ടിലെ കഴിഞ്ഞ മാസത്തെ വൈദ്യുതി ബില്‍. 12ന് ആയിരുന്നു പണം അടയ്‌ക്കേണ്ട അവസാന തീയ്യതി. 13ന് രാവിലെ നല്ലിക്കുന്ന് സെക്ഷന്‍ ഓഫീസില്‍ നിന്നു വിളിച്ച് ബില്ലടയ്ക്കണമെന്ന് അറിയിച്ചു. തുടര്‍ന്ന് ഫോണില്‍ ഭീഷണി മുഴക്കിയതായി കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എത്തിയ ജീവനക്കാര്‍ മുഹമ്മദ് മുനവറിന്റെ വീട്ടിലേയ്ക്കുള്ള വൈദ്യുതി തൂണിലുള്ള ഫ്യൂസ് ഊരി. വൈകുന്നേരം യുവാവ് വൈദ്യുതി ഓഫീസിലെത്തി പണം അടയ്ക്കാന്‍ ശ്രമിച്ചു. സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് യുവാവിനെ തിരിച്ചയച്ചു.
തൊട്ടുപിന്നാലെ രണ്ട് സെക്ഷന്‍ ഓഫീസ് പരിധികളില്‍ വൈദ്യുതി വിതരണം നിലയ്ക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് ഫ്യൂസുകള്‍ ഇളക്കി എടുക്കുകയും നശിപ്പിച്ച നിലയിലും കാണപ്പെട്ടത്.






