കാസര്‍കോട്: ചെര്‍ക്കള ടൗണിലെ ബഹുനില കെട്ടിടത്തിലെ മുറിയില്‍ പണം വച്ച് ‘പുള്ളിമുറി’ എന്ന ചൂതാട്ടം നടത്തുകയായിരുന്ന 14 പേരെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. കളിക്കളത്തില്‍ നിന്നു 93,500 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാമഗ്രികളും കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈനും സംഘവുമാണ് ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. ശനിയാഴ്ച രാത്രി 10 മണിയോടെ ബഹുനിലകെട്ടിടത്തിന്റെ മൂന്നാം നിലയിലെ ഏഴാം നമ്പര്‍ മുറിയിലാണ് ചൂതാട്ടം നടന്നിരുന്നതെന്നു പൊലീസ് പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാതില്‍ തള്ളി തുറന്നാണ് അകത്ത് കടന്നത്. ദേലംപാടി, പരപ്പയിലെ മൊയ്തു (50), മധൂരിലെ കെ എം താഹിര്‍ (28), ബേക്കല്‍, പള്ളിക്കരയിലെ പി ഇല്യാസ് (43), പുത്തിഗെ, ഇച്ചിലമ്പാടി, കളത്തൂരിലെ എച്ച് രതീഷ് (32), ബേക്കൂറിലെ അബൂബക്കര്‍ സിദ്ദീഖ് (28), കോട്ടക്കണ്ണി, പള്ളി ക്വാര്‍ട്ടേഴ്‌സിലെ പി എം ഷാനവാസ് (44), അഡുക്കത്തു ബയല്‍, അര്‍ജാല്‍ ഹൗസിലെ കെ അനില്‍ കുമാര്‍ (38), ചെര്‍ക്കള ബേര്‍ക്ക, ന്യൂ ഹൗസിലെ ജാഫര്‍ (47), ദേലംപാടിയിലെ കെ എച്ച് അഷ്‌റഫ് (31)ബേക്കല്‍കോട്ട, കല്ലിങ്കാല്‍ ഹൗസിലെ പി ഫൈസല്‍ (53), മംഗ്‌ളൂരു ബണ്ട്വാള്‍, ബൊള്ളായ് ഹൗസിലെ അബ്ദുല്‍ അസീസ് (39), ബേക്കൂര്‍ കയ്യാര്‍, ഒബര്‍ളയിലെ സമീര്‍ അഹമ്മദ് (35), തളങ്കര, തെരുവത്ത,് സിറാമിക്‌സ് റോഡിലെ സര്‍ഫ്രാസ് ഷേഖ് (35), ചെങ്കള, പൊവ്വലിലെ കെ എം ജമാല്‍ (39) എന്നി വരെ അറസ്റ്റ് ചെയ്ത് നോട്ടീസ് നല്‍കി ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് പറഞ്ഞു. പൊലീസ് സംഘത്തില്‍ എസ് ഐ മാരായ സുരേഷ് കുമാര്‍, സജീഷ്, സഫ്‌വാന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുജീഷ്, ലവനീഷ്, ജിതിന്‍ കുമാര്‍ എന്നിവരും ഉണ്ടായിരുന്നു. ഒരുമാസം മുമ്പും ചെര്‍ക്കളയിലെ പുള്ളിമുറി കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തി വന്‍ തുക പിടികൂടിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരും കര്‍ണ്ണാടകയില്‍ നിന്നുള്ളവരുമാണ് അന്നും പൊലീസിന്റെ പിടിയിലായിരുന്നത്.






