തലശേരി: ഏറെ കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസിലെ പ്രതിയായ ബിജെപി നേതാവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പോക്‌സോ വകുപ്പ് 40 വര്‍ഷം കഠിനതടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. പദ്മരാജനെ(49)യാണ് തലശേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എംടി ജലറാണിയാണ് ശക്ഷിച്ചത്. കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു പത്മരാജന്‍. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പാനൂര്‍ പൊലീസ് 2020 ഏപ്രില്‍ 15-ന് പദ്മരാജനെ അറസ്റ്റ് ചെയ്തു. പിന്നീട് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. 2021 ല്‍ ഡിവൈഎസ്പി ടി കെ രത്നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. 2024 ഫെബ്രുവരി 23നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കുട്ടിയുടെ സുഹൃത്ത്, നാല് അധ്യാപകര്‍ എന്നിവരുള്‍പ്പടെ 40 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി പിഎം ഭാസുരി ഹാജരായി.







