കാസര്‍കോട്: മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ മംഗ്‌ളൂരുവിലെ നൗഫലി (37)ന്റെ മൃതദേഹം ദുരൂഹസാഹചര്യത്തില്‍ ഉപ്പള റെയില്‍വെ ഗേറ്റിനു സമീപത്ത് കാണപ്പെട്ട സംഭവത്തില്‍ കര്‍ണ്ണാടക പൊലീസും അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ഉപ്പളയില്‍ എത്തിയ കര്‍ണ്ണാടക പൊലീസ് മൃതദേഹം കാണപ്പെട്ട സ്ഥലവും പരിസരവും പരിശോധിച്ചു. മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത സ്‌കൂട്ടറും പരിശോധനയ്ക്ക് വിധേയമാക്കി. നൗഫലിന്റേത് കൊലപാതകമാണെന്ന വിലയിരുത്തലിലാണ് കര്‍ണ്ണാടക പൊലീസ് അന്വേഷണം തുടരുന്നത്.
എന്നാല്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്നു വ്യക്തമാക്കുന്ന സൂചനകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ നിലപാട് അനുസരിച്ച് അപകടമരണമാണെന്ന നിഗമനത്തിലാണ് മഞ്ചേശ്വരം പൊലീസ്. നൗഫലിന്റെ മൃതദേഹത്തിന്റെ കഴുത്തില്‍ കാണപ്പെട്ട ആഴത്തിലുള്ള മുറിവ് ട്രെയിന്‍ തട്ടിയപ്പോള്‍ ഉണ്ടായതാവാമെന്നാണ് സംശയിക്കുന്നത്. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ കഴിയാത്തത് അന്വേഷണത്തിനു വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം ആരെങ്കിലും പിന്തുടര്‍ന്ന് ഓടിച്ചപ്പോഴാണോ നൗഫലിനെ ട്രെയിന്‍ ഇടിച്ചതെന്നതിനെ കുറിച്ചും മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഈ സംശയവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.
നൗഫലിന്റെ ഫോണിലെ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണ്ണായകമാവും. ഫോണിലെ വിവരങ്ങള്‍ രണ്ടു ദിവസങ്ങള്‍ക്കകം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ശനിയാഴ്ച രാവിലെയാണ് നൗഫലിന്റെ മൃതദേഹം ഉപ്പള റെയില്‍വെ ഗേറ്റിനു സമീപത്ത് കണ്ടെത്തിയത്.







