കെന്‍റക്കി: യുഎസിലെ കെന്റക്കിയില്‍ ചരക്കുവിമാനം തകര്‍ന്നു. ലൂയിസ്‍വില്ലെ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഉഗ്രസ്‌ഫോടനത്തില്‍ വിമാനത്താവളത്തിന് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും തീപടര്‍ന്നു. വിമാനത്താവളത്തില്‍ തീയും പുകയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ടേക്ക് ഓഫിന് തൊട്ടു പിന്നാലെയായിരുന്നു അപകടം. ലൂയിസ് വില്ലേ മുഹമ്മദ് അലി ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ നിന്നും ഹവായ് ദ്വീപിലേക്ക് പറന്ന വിമാനത്തിനാണ് തീ പിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്തില്‍ മൂന്ന് ജീവനക്കാരായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുറത്തുവരുന്ന വിവരം. യുപിഎസ് കമ്പനിയുടെ വിമാനമാണ് തകർന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ ചിറകില്‍ നിന്നും തീ ഉയരുന്നതും പിന്നാലെ വിമാനം ഒരു തീഗോളമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലൂയിസ്‌വിലെ മെട്രോപൊളിറ്റന്‍ പൊലീസ് വകുപ്പ് അപകടം സ്ഥിരീകരിച്ചു. റൺവേയിലൂടെ നീങ്ങുമ്പോൾ തന്നെ വിമാനത്തിന് തീപിടിച്ചിരുന്നെന്നാണ് സൂചന. അപകടസ്ഥലത്ത് ഉണ്ടായിരുന്നവര്‍ക്ക് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽപ്പെട്ട എംഡി-11 വിമാനത്തിന് 34 വര്‍ഷം പഴക്കമുണ്ട്.







