കാസര്‍കോട്: ഉപ്പള ഗേറ്റിനു സമീപത്ത് മംഗ്ളൂരുവിലെ കൊലക്കേസ് പ്രതിയുടെ മൃതദേഹം കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നു. ഞായറാഴ്ച നടത്തിയ അന്വേഷണത്തില്‍ മരണപ്പെട്ട മംഗ്ളൂരുവിലെ നൗഫലിന്റെ സ്‌കൂട്ടര്‍ കണ്ടെടുത്തു. മൃതദേഹം കാണപ്പെട്ട സ്ഥലത്തു നിന്നു ഒന്നര കിലോമീറ്റര്‍ അകലെ റോഡ് അവസാനിക്കുന്ന പുഴയോരത്താണ് സ്‌കൂട്ടര്‍ കാണപ്പെട്ടത്.
ശനിയാഴ്ച രാവിലെയാണ് അജ്ഞാത യുവാവിന്റെ മൃതദേഹം ഉപ്പള റെയില്‍വെ ട്രാക്കിനു സമീപത്തു കാണപ്പെട്ടത്. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ധരിച്ചിരുന്ന ഷര്‍ട്ട് ദൂരെ കാണപ്പെട്ടതും കഴുത്തില്‍ ആഴത്തിലുള്ള മുറിവും കണ്ടതോടെ മരണത്തില്‍ ദുരൂഹത ഉയര്‍ന്നു. മൃതദേഹം മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ 25 കേസുകളില്‍ പ്രതിയായ മംഗ്ളൂരു സ്വദേശി നൗഫലിന്റേതാണെന്നു കൂടി സ്ഥിരീകരിച്ചതോടെ കൊലപാതകമാണെന്ന പ്രചരണം ശക്തമായി. ഇതേ തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. മൂര്‍ച്ചയേറിയ ഏതോ വസ്തു കൊണ്ടാണ് നൗഫലിന്റെ കഴുത്തില്‍ മുറിവ് ഉണ്ടായതെന്ന നിഗമനത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍. എന്നാല്‍ ഏതു വസ്തുവാണ് മുറിവിനു കാരണമായതെന്നു വ്യക്തമായില്ല. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ.രോഹിത് ഞായറാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ട സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഡോക്ടറുടെ സന്ദര്‍ശന റിപ്പോര്‍ട്ടിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം. അതേസമയം മരണപ്പെട്ട നൗഫലിനു രണ്ടുഫോണുകള്‍ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിട്ടുണ്ട്. ഇവയില്‍ ഒന്നുമാത്രമാണ് കണ്ടെടുത്തിട്ടുള്ളത്. പ്രസ്തുത ഫോണ്‍ വിശദമായി പരിശോധിക്കുന്നതിനു സൈബര്‍ സെല്ലിനു കൈമാറിയിട്ടുണ്ട്. രണ്ടാമത്തെ ഫോണ്‍ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല. ഇതിനുള്ള ശ്രമം തുടരുന്നു. അതേസമയം നൗഫലിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത നിരവധി പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു.







