ബെംഗളൂരു: ബെംഗളൂരുവില്‍ മാതാവിനെ കൊലപ്പെടുത്തിയ 17 കാരിയും 4 ആണ്‍സുഹൃത്തുക്കളും പൊലീസിന്റെ പിടിയിലായി. പ്രതികളായ അഞ്ചുപേരും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് പറഞ്ഞു. ബെംഗളൂരുവിലെ സുബ്രഹ്‌മണ്യപുര സ്വദേശിനി നേത്രാവതി (35)ആണ് കൊല്ലപ്പെട്ടത്. നേത്രാവതി വി നെസ്റ്റ് ലോണ്‍ റിക്കവറി കമ്പനിയില്‍ സഹായിയായി ജോലി ചെയ്തുവരികയായിരുന്നു. മകളെ കാണാന്‍ ആണ്‍കുട്ടികള്‍ ഇടക്കിടെ വീട്ടിലേക്ക് വരുന്നത് മാതാവ് വിലക്കിയിരുന്നു. ഈ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം നേത്രാവതിയെ കെട്ടിത്തൂക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തൂങ്ങിമരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ നേത്രാവതിയുടെ സഹോദരിക്ക് തോന്നിയ സംശയമാണ് കൊലപാതകം തെളിയിച്ചത്. ഒക്ടോബര്‍ 25 ന് രാത്രി 10.30 നും ഒക്ടോബര്‍ 27 ന് ഉച്ചയ്ക്ക് 12 നും ഇടയിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബര്‍ 30 ന് രാത്രിയിലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.







