ബെലഗാവി: നാട്ടുകാര്‍ കള്ളനാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ യുവാവ് നാലുമണിക്കൂര്‍ ഒളിച്ചത് തെങ്ങിനു മുകളില്‍. ഒടുവില്‍ താഴയിറങ്ങാന്‍ പറ്റാതെ വന്നതോടെ രക്ഷകരായത് ഫയര്‍ഫോഴ്‌സ്. കര്‍ണാടക ബെലഗാവി ഗഡാഗില്‍ ആണ് വിചിത്രമായ സംഭവം നടന്നത്. ബെലഗാവി സ്വദേശിയായ ബസവരാജ് ആണ് പൊലീസിനെയും നാട്ടുകാരെയും ഭയന്ന് തെങ്ങില്‍ കയറി ഒളിച്ചത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. സുഹൃത്തിനെ തേടി ട്രെയിനില്‍ പുറപ്പെട്ട ബസവരാജ് പുലര്‍ച്ചെയാണ് ഗഡാഗ് വിവേകാനന്ദ നഗറില്‍ എത്തിയത്. തുടര്‍ന്ന് സുഹൃത്തിന്റെ വീടെന്ന് എത്തിയത് മറ്റൊരുവീട്ടില്‍. വാതില്‍ മുട്ടിവിളിച്ചുപ്പോഴാണ് സുഹൃത്തിന്റെ വീടല്ലെന്ന് മനസിലായത്. ഉടന്‍ അവിടെ നിന്നും ഇറങ്ങി നടന്നു. അപരിചിതനായ ആള്‍ വീട്ടുമുറ്റത്തുകൂടി നടന്നുപോകുന്നത് കണ്ട വീട്ടുകാര്‍ കള്ളനെന്ന് സംശയിച്ച് പൊലീസിനെ വിളിച്ചു. പൊലീസ് വരുമെന്ന് ഭയന്ന ബസവരാജ് അടുത്തുകണ്ട തെങ്ങില്‍ കയറുകയായിരുന്നു. പൊലീസെത്തി മണിക്കൂറോളം അപരിചിതനെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. നേരം പുലര്‍ന്നതോടെ നാട്ടുകാര്‍ തെങ്ങില്‍ ഒളിച്ചിരിക്കുന്ന യുവാവിനെ കണ്ടെത്തി. പൊലീസും നാട്ടുകാരും താഴെയിറങ്ങാന്‍ ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും യുവാവ് ഇറങ്ങാന്‍ വിസമ്മതിച്ചു. കൂടുതല്‍ ജനങ്ങള്‍ തടിച്ചുകൂടിയതോടെ താഴെയിറങ്ങാന്‍ പറ്റുന്നില്ലെന്ന് ബസവരാജ് അറിയിച്ചു. ഇതോടെ പൊലീസ് ഫയര്‍ഫോഴ്‌സിനെ വിളിപ്പിച്ചു. റസ്‌ക്യൂ ടീം എത്തി ഒരു ഏണി വച്ച് യുവാവിനെ താഴെയിറക്കി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ യുവാവ് സത്യം വെളിപ്പെടുത്തി. പിന്നീട് സുഹൃത്തിനെ കാണാന്‍ നില്‍ക്കാതെ ട്രെയിനില്‍ നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.







