കാസര്‍കോട്: പള്ളിയില്‍ നിസ്‌ക്കരിച്ച ശേഷം വീട്ടിലേയ്ക്ക് നടന്നു പോകുന്നതിനിടയില്‍ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ മരിച്ചു. കുമ്പള, പേരാലിലെ അബ്ദുള്ള (66)യാണ് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.
ഒക്ടോബര്‍ 19ന് ഉച്ചയ്ക്ക് ഒരു മണിയോടെ പേരാല്‍ നാട്ടക്കല്ലിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന പേരാലിലെ തേജസി (20)നും പരിക്കേറ്റിരുന്നു.
മുസ്ലീംലീഗിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അബ്ദുള്ള എല്ലാ ദിവസവും കുമ്പള ലീഗോഫീസില്‍ വന്നു പോകുന്ന ആളായിരുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു.
ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ് അനസ്, ഖദീജ- അന്‍സീറ, ഹസൈനാര്‍, അമ്‌റത്ത് ഫാത്തിമ. മരുമക്കള്‍: മന്‍സൂര്‍, സമീല. സഹോദരന്‍: ഹമീദ്.

 
								






