മംഗളൂരു: സ്ത്രീയെ ലൈംഗികമായി ഉപദ്രവിക്കുകയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ മോർഫ് ചെയ്തു പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. ചിക്കമംഗളൂരുവിലെ അല്‍ധൂര്‍ ഹോബ്ലിയിലെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായ ആദിത്യ(30)യാണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ ഭാര്യമാര്‍ക്കടക്കം ഇയാള്‍ അശ്ലീല മെസേജ് അയച്ചിട്ടുണ്ടെന്നാണ് വിവരം. ജയനഗറില്‍ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഫോണ്‍ കോളിലൂടെയാണ് ആദിത്യയുമായി യുവതി പരിചയത്തിലായത്. പിന്നീട് ലൈംഗികാതിക്രമം തുടങ്ങിയെന്നും യുവതിയുടെ പരാതിയിലുണ്ട്. സമൂഹ മാധ്യമ പ്രൊഫൈലില്‍ നിന്നും ചിത്രങ്ങളെടുത്ത് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി. ഒടുവിൽ ഇയാള്‍ വധഭീഷണി മുഴക്കിയതായും യുവതിയുടെ പരാതിയിലുണ്ട്. പരാതിക്ക് പിന്നാലെ വീടിന് സമീപം ആദിത്യയെ ഒരുകൂട്ടം ചെറുപ്പക്കാര്‍ മര്‍ദിച്ചിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.








