കുമ്പള: മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് വളഞ്ഞ വഴിയിലൂടെ ഭരണം നിലനിർത്താൻ ശ്രമം തുടങ്ങിയെന്നു എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.വാർഡുകൾ പിടിച്ചെടുക്കാൻ മുസ് ലിം ലീഗ് ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നു.എൽ.ഡി.എഫിന് വിജയ സാധ്യതയുള്ള വാർഡുകളിൽ റിട്ടയർ ചെയ്ത സർക്കാർ ജീവനക്കാരനെ ഉപയോഗിച്ച് വ്യാപകമായി വോട്ടുകൾ തള്ളിക്കാൻ ലീഗ് പ്രവർത്തകർ നേതൃത്വം നൽക്കുകയാണെന്ന് എൽ.ഡി.എഫ് ഭാരവാഹികൾ ആരോപിച്ചു. പതിനാലാം വാർഡിൽ നിന്നു അനധികൃതമായി വോട്ടുകൾ തള്ളുന്നതിനെതിരേ അന്വേഷിക്കാൻ പഞ്ചായത്ത് ഓഫീസിലെത്തിയ എൽ.ഡി.എഫ് നേതാവിനെ പഞ്ചായത്തംഗം അസഭ്യം പറഞ്ഞു. പെട്ടെന്ന് ചാടി മാറിയതുകൊണ്ട് കയ്യേറ്റത്തിൽ നിന്നു രക്ഷപെട്ടു.ഇതിനെതിരേ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുമെന്നും പൊതുനന്മക്കായി നിലകൊള്ളുമെന്നും സത്യപ്രതിജ്ഞ ചെയ്ത ജനപ്രതിനിധി ഇത്തരം ഏർപ്പാടിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണെന്ന് അവർ ആരോപിച്ചു. അഴിമതിയും സ്വജനപക്ഷപാതവും കെടുകാര്യസ്ഥതയും കൊണ്ടു മംഗൽപ്പാടി പഞ്ചായത്തിൽ മുസ് ലിം ലീഗിന് മാന്യമായി ജനങ്ങളെ അഭിമുഖീകരിക്കാൻ പ്രയാസമാണെന്നും അതിനാലാണ് എൽ.ഡി.എഫിന് ജയ സാധ്യതയുള്ള വാർഡുകളിൽ വോട്ടുകൾ തള്ളി അധികാരം പിടിക്കാൻ നോക്കുന്നതെന്നും അവർ പറഞ്ഞു. വനിതാ പ്രസിഡൻ്റുമാർ പോലും അഴിമതിയുടെ കരിനിഴലിൽ പെട്ടിരിക്കുന്നു.വയനാട് പുനരധിവാസ വെട്ടിപ്പും നാണക്കേടുണ്ടാക്കിയിട്ടുണ്ട്. മാലിന്യ സംസ്കരണത്തിനായി അനുവദിച്ച ഫണ്ട് മുക്കിയതുൾപ്പെടെ പൊതു ജനങ്ങളുടെ നികുതിപ്പണം വൻതോതിൽ ധൂർത്തടിച്ച് പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു .ലീഗിന്റെ ജനാധിപത്യ ലംഘനത്തിനെതിരെ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തുമെന്നും സാദിഖ് ചെറുഗോളി, സിദ്ധീഖ് കൈകമ്പ, ഹനീഫ് ഷിറിയ, ഇബ്രാഹിം ഖലീൽ, അൽത്താഫ് പറഞ്ഞു.







