ചെന്നൈ: പഠിക്കാത്തതിന് ശകാരിച്ചതിന്റെ വിരോധത്തില്‍ പതിന്നാലുകാരന്‍ സ്വന്തം മാതാവിനെ തല്ലിക്കൊന്നു. കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടിലാണ് സംഭവം. കീഴ്കുപ്പം വേലൂരില്‍
താമസിക്കുന്ന ലോറി ഡ്രൈവര്‍ ഗുണശേഖരന്റെ ഭാര്യ മഹേശ്വരിയാണ് (40) മരിച്ചത്. സംഭവത്തില്‍ മകനെ പൊലീസ് അറസ്റ്റുചെയ്തു. പഠിക്കാത്തതിന് നിരന്തരം ശകാരിച്ചതിനാല്‍ മാതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പതിന്നാലുകാരന്‍ മൊഴിനല്‍കി. ഈമാസം 20 നാണ് സംഭവം. മഹേശ്വരി വീട്ടില്‍ വളര്‍ത്തുന്ന പശുക്കള്‍ക്ക് പുല്ല് വെട്ടാന്‍ വയലിലേക്ക് പോയിരുന്നു. എന്നാല്‍, വളരെ നേരം കഴിഞ്ഞിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും അവരെ അന്വേഷിച്ചു പോയിരുന്നു. തിരച്ചിലിനിടെ, മഹേശ്വരിയുടെ മൃതദേഹം പാടത്ത് കണ്ടെത്തി. ദേഹമാസകലം മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഉളുന്തൂര്‍പ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം കഴിഞ്ഞ അടുത്ത ദിവസം തിരുനാവാലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് ഷര്‍ട്ടിന്റെ ബട്ടണ്‍ കണ്ടെത്തി. അങ്ങനെയാണ് പൊലീസ് കൊലയാളിയെ തിരിച്ചറിഞ്ഞത്. ഗുണശേഖരന്‍-മഹേശ്വരി ദമ്പതിമാര്‍ക്ക് 16 വയസുള്ള ഒരു മകളുമുണ്ട്.







