തിരുവനന്തപുരം: ലോഡ്ജില്‍ കോഴിക്കോട് സ്വദേശിനി അസ്മിന കൊല്ലപ്പെട്ട കേസില്‍ ഒപ്പം താമസിച്ച ജോബിയെ കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്ത് എത്തിച്ചു. അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റുചെയ്തു. കോഴിക്കോട് വടകര ഒഞ്ചിയം പഞ്ചായത്ത് കണ്ണൂക്കര മാടാക്കര പാണ്ടികയില്‍ അസ്മിന(38)യാണ് ആറ്റിങ്ങള്‍ മൂന്നുമുക്കിലെ ഗ്രീന്‍ ഇന്‍ ലോഡ്ജില്‍ ചൊവ്വാഴ്ച രാത്രിയില്‍ കൊല്ലപ്പെട്ടത്.
അന്നു രാത്രി ഇരുവരും മദ്യപിച്ചിരുന്നു. തുടര്‍ന്ന് അസ്മിന മകളെ കാണാന്‍ പോകുന്നതിനെച്ചൊല്ലി വഴക്കായി. തുടര്‍ന്ന് കുടിച്ച് കാലിയായ മദ്യക്കുപ്പിക്ക് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. ബഹളം വച്ചാല്‍ ലോഡ്ജിലുള്ള മറ്റുള്ളവര്‍ അറിയുമെന്ന് ഭയന്ന ജോബി അസ്മിനയുടെ കഴുത്തില്‍ ജോബിന്‍ ജോര്‍ജ് തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെ മുറി പൂട്ടി പുറത്തിറങ്ങി. അസ്മിനയുടെ മൊബൈല്‍ഫോണുള്‍പ്പെടെ എടുത്താണ് ഇയാള്‍ പുറത്തുപോയത്. ബുധനാഴ്ച രാവിലെ ഇരുവരെയും പുറത്തു കാണാത്തതിനെത്തുടര്‍ന്ന് ജീവനക്കാര്‍ പരിശോധിച്ചെങ്കിലും മുറി തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടത്. പിന്നാലെ ഒളിവില്‍ പോയ പ്രതി ജോബി ജോര്‍ജിനെ മംഗളൂരുവിലേക്ക് ട്രെയിന്‍ കയറാന്‍ പോകവേ കോഴിക്കോടുനിന്നാണ് ആറ്റിങ്ങല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു മാസം മുന്‍പാണ് അസ്മിനയും ജോബിന്‍ ജോര്‍ജും തമ്മില്‍ പരിചയപ്പെടുന്നത്. മാവേലിക്കരയിലെ ലോഡ്ജില്‍ ഒരുമിച്ചു ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ജോബിയും അസ്മിനയും കുറച്ചു നാളുകളായി ഒരുമിച്ചു താമസിക്കുകയായിരുന്നു. അസ്മിനയും ജോബിയും മുന്‍പ് രണ്ടുവട്ടം വിവാഹിതരായിരുന്നു. അസ്മിന രണ്ടു കുട്ടികളുടെ മാതാവുമാണ്. ഒരാഴ്ച മുന്‍പാണ് ജോബി ആറ്റിങ്ങലിലെ ലോഡ്ജില്‍ ജോലിക്കെത്തിയത്. അസ്മിനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനകള്‍ക്കുശേഷം ബന്ധുക്കള്‍ക്കു കൈമാറി.








