കാസര്‍കോട്: കാഞ്ഞങ്ങാട് ആശുപത്രിയില്‍ നടന്ന ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ചികിത്സാപിഴവുണ്ടായിട്ടുണ്ടെന്ന ആരോപണം തെറ്റാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19 ന് നടന്ന ശസ്ത്രക്രിയക്കിടെ പിഴവുണ്ടായെന്ന ആരോപണത്തെകുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിഎംഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമ്മീഷന്‍ നിര്‍ദ്ദേശാനുസരണം മെഡിക്കല്‍ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയതായി ഡി.എം.ഒ. അറിയിച്ചു. ശസ്ത്രക്രിയ സമയത്ത് ഹെര്‍ണിയ സഞ്ചി തിരയുമ്പോള്‍ അതു കാണേണ്ട സ്ഥലത്ത് കണ്ടില്ലെന്നും ഫിമറല്‍ വെയിനിന് മുറിവ് സംഭവിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം മനസിലാക്കിയ ഡോക്ടര്‍ 12 കാരനെ കുട്ടിയെ വിദഗ്ദ്ധ ചികിത്സക്കായി വാസ്‌കുലാര്‍ സര്‍ജറി വിഭാഗത്തിലേക്ക് മാറ്റി. നിലവില്‍ ആസ്റ്റര്‍ മിംസിലെ റിപ്പോര്‍ട്ട് പ്രകാരം ചികിത്സ തുടരുന്നുണ്ട്. ശസ്ത്രക്രിയ സമയത്ത് രക്തകുഴലുകള്‍ക്ക് 1 മുതല്‍ 3 വരെ മുറിവുകള്‍ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ സംഘം വീട്ടിലെത്തി കുട്ടിയെ പരിശോധിച്ചു. ശസ്ത്രക്രിയ മുറിവ് പൂര്‍ണമായി ഉണങ്ങിയിട്ടുണ്ടെന്നും കാലിന് ബലക്കുറവോ വീക്കമോ ഇല്ലെന്നും ആരോഗ്യം സാധാരണ നിലയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാസ്‌കുലര്‍ സര്‍ജന്റെ അഭിപ്രായപ്രകാരം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. തുടര്‍ചികിത്സ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വഴി തുടരാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡി.എം.ഒ. യുടെയും വിദഗ്ദ്ധ സമിതിയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് തീര്‍പ്പാക്കി. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
