മംഗളൂരു: കര്‍ണാടകയിലെ പ്രധാന നദിയായ നേതാവതിയില്‍ മുതലയുടെ സാന്നിധ്യം. ബെല്‍ത്തങ്ങാടി താലൂക്കിലെ കല്‍മഡ്ക പജിരഡ്ക സദാശിവേശ്വര ക്ഷേത്രത്തിന് സമീപമാണ് മുതലയെ ഭക്തജനങ്ങള്‍ കണ്ടെത്തിയത്. ക്ഷേത്രത്തിന് സമീപമുള്ള മൃത്യുഞ്ജയ നദിയുടെയും നേത്രാവതി നദിയുടെയും സംഗമസ്ഥാനത്തിനടുത്തുള്ള മണല്‍ക്കരയിലാണ് മുതല വിശ്രമിക്കുന്നത് കണ്ടത്. മുതലയെ കണ്ടത് ഭക്തരിലും നാട്ടുകാരിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. വിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി. രാത്രിയില്‍ പ്രദേശത്ത് ചുറ്റി സഞ്ചരിക്കുന്ന മുതലയുടെ വീഡിയോകളും നാട്ടുകാര്‍ പകര്‍ത്തി. ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം സ്ഥിരീകരിച്ചതോടെ നദീതീരങ്ങളില്‍ താമസിക്കുന്നവരും സന്ദര്‍ശകരും ജാഗ്രത പാലിക്കാന്‍ വനം വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുതലയെ പിടികൂടുന്നതുവരെ നദിയിലിറങ്ങി കുളിക്കരുതെന്നും നിര്‍ദേശമുണ്ട്. കര്‍ണാടകയിലെ നദികളില്‍ ഏറ്റവും ശുദ്ധമായ ജലം ഉള്ളതായി അടുത്തിടെ അംഗീകരിക്കപ്പെട്ട നേത്രാവതി, പജിരഡ്ക സദാശിവ, സദാശിവ സൂര്യ, ധര്‍മ്മസ്ഥല, ഇനോലി സോമനാഥേശ്വര, നന്ദവാര ശ്രീ വിനായക, കരിഞ്ചേശ്വര, സഹസ്രലിംഗേശ്വര എന്നിവയുള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളുടെ തീരത്തുകൂടിയാണ് ഒഴുകുന്നത്. ഇവിടെയെല്ലാം ഭക്തര്‍ നദയില്‍ ഇറങ്ങിക്കുളിക്കാറുണ്ട്.
