മുംബൈ: നവി മുബൈയിലെ ഫ്‌ലാറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദര്‍ ബാലകൃഷ്ണന്‍(44), ഭാര്യ പൂജ രാജന്‍(39), ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദര്‍ ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. കമല ഹിരാലാല്‍ ജെയിന്‍ (84) ആണ് മരിച്ച മറ്റൊരാള്‍. രഹേജ റെസിഡന്‍സിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം എസിയുടെ കംപ്രസര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ലാറ്റിലെ പത്താം നില മുതല്‍ പന്ത്രണ്ടാം നിലവരെ തീപടര്‍ന്നു. പിന്നീട് അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി നിയന്ത്രണവിധേയമാക്കി. 15 വരെ പേരെ രക്ഷപ്പെടുത്തിയതായി ചീഫ് ഫയര്‍ ഓഫീസര്‍ പുരുഷോത്തം ജാദവ് പറഞ്ഞു. പരിക്കേറ്റവരെ ഫോര്‍ട്ടിസ് ഹിരാനന്ദാനി, എംജിഎം ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. നവി മുബൈയില്‍ ടയര്‍ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്റെ മകളാണ് മരണപ്പട്ട പൂജ.
