കൊല്ലം: മുട്ടറ മരുതിമലയിൽ നിന്ന് ചാടിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു. അടൂർ പെരിങ്ങനാട് സ്വദേശിനി മീനുവാ(14)ണ് മരിച്ചത്. അടൂർ സ്വദേശിയായ ശിവർണ(14) ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഇക്കോ ടൂറിസം കേന്ദ്രമായ മരുതിമലയിൽ എത്തിയത്. മണിക്കൂറുകളോളം ഇവർ മലമുകളിൽ ഇരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാരിൽ ഒരാൾ മുട്ടറ സ്കൂളിന് സമീപത്തെ കടയിൽനിന്ന് ഇവരുടെ ദൃശ്യം പകർത്തിയിരുന്നു. പന്തികേട് തോന്നിയ നാട്ടുകാർ പൊലീസിനെയും വിവരമറിച്ചിരുന്നു. എന്നാൽ സമീപത്തേക്ക് ആളുകൾ എത്തും മുമ്പ് കുട്ടികൾ താഴേക്ക് ചാടുകയായിരുന്നു. മലമുകളിൽനിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പരിസരവാസികൾ അടിവാരത്ത് ഓടി എത്തി. പെൺകുട്ടികൾക്ക് ചെറിയ അനക്കം ഉണ്ടായിരുന്നെന്നും ഒരാൾ അബോധാവസ്ഥയിൽ വീട്ടിൽ പോകണമെന്ന് പറഞ്ഞതായും നാട്ടുകാർ പറഞ്ഞു. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. സംഭവത്തിൽ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ 9 ആം ക്ലാസ് വിദ്യാർഥിനികളാണ് ഇരുവരും. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അടൂർ പൊലീസിൽ പരാതി നൽകിയിരുന്നു.







